മോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയെന്നാരോപിച്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽവെച്ചത് പന്ത്രണ്ട് മണിക്കൂർ.

നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം നടത്തുന്നവരാണ് കിസാൻ മഹാസംഘ് പ്രവർത്തകർ.

0

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയെന്നാരോപിച്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽവെച്ചത് പന്ത്രണ്ട് മണിക്കൂർ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുപ്പതോളം പേർ ഉണ്ടായിരുന്നുവെങ്കിൽ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിൽവെച്ചത്. ഇവരെ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വിട്ടയച്ചത്.

നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം നടത്തുന്നവരാണ് കിസാൻ മഹാസംഘ് പ്രവർത്തകർ. പ്രധാനമന്ത്രി ഇന്നലെ കോഴിക്കോട് എത്തിയ പശ്ചാത്തലത്തിലാണ് പ്രവർത്തകർ എത്തിയത്. ആദ്യം പോസ്റ്റർ പ്രചാരണം നടത്തിയ പ്രവർത്തകർ തുടർന്ന് പൊതുയോഗം സംഘടിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഐപിസി 151 പ്രകാരം പ്രവർത്തകർക്കെതിരെ കേസെടുത്ത് വിട്ടയച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന്റെ വാദം. പ്രധാനമന്ത്രിയുടെ പരിപാടി കഴിഞ്ഞ് രാത്രി വൈകിയാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.’മോദി കർഷക ദ്രോഹി, 70000 കർഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകൂ’ എന്ന തലക്കെട്ടോടെ മോദി സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു സംഘം വിതരണം ചെയ്തത്.

You might also like

-