കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി.

. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടെടുപ്പില്‍ തള്ളി.

0

മലപ്പുറം: ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടെടുപ്പില്‍ തള്ളി. പ്രമേയം പരാജയപ്പെട്ടാൽ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്കിന് അനുമതി തേടി റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹകരണ വകുപ്പ് മുൻകൈയെടുത്ത് രണ്ടാമതും ജനറൽ ബോഡി യോഗം വിളിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലായിരുന്നു പൊതുയോഗം. യോഗത്തിൽ അവതരിപ്പിച്ച ലയനപ്രമേയത്തെ കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് എതിർത്തു. 32നെതിരെ 97വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ച യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.

ഇതോടെ, കേരള ബാങ്ക് രൂപീകരണത്തിനായി മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മറ്റ് പതിമൂന്ന് ബാങ്കുകളുടെ പിൻതുണയോടെ റിസർവ് ബാങ്കിനെ സമീപിക്കും. ഇത് അംഗീകരിക്കുകയാണെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ജീവനക്കാരെ വച്ച് സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാവും. എന്നാൽ പതിമൂന്ന് ബാങ്കുകളുടെ പിന്തുണയിൽ റിസർവ് ബാങ്ക് അനുമതി കിട്ടിയില്ലെങ്കിൽ സർക്കാർ ഏറെ കൊട്ടിഘോഷിച്ച കേരള ബാങ്ക് എന്ന പദ്ധതി അവസാനിക്കും.

You might also like

-