കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം; കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് പുതിയ കരട് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമുണ്ടാകും

0

ഡൽഹി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് പുതുക്കി ഇറക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് പുതിയ കരട് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമുണ്ടാകും.പരിസ്ഥിതി മന്ത്രാലയത്തിന്‍രെ തീരുമാനം നിയമമന്ത്രാലയത്തിന്റെ ഉപദേശം പരിഗണിച്ച ശേഷമായിരിക്കും. അതേസമയം കേരളത്തിലെ പ്രളയത്തിന് ഖനനവും കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവച്ചു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലമേഖലകളില്‍ മാറ്റം വരുത്തരുതെന്ന് ദേശിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കെയാണ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിച്ച് പുനര്‍ വിജ്ഞാപനം ഇറക്കാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123 ല്‍ നിന്ന് 94 വില്ലേജുകളാക്കണം, 4452 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഘലയില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് പുതിയ വിജ്ഞാപനത്തില്‍ വ്യക്തതയുണ്ടാകും.നിയമമന്ത്രാലയത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കാനാകില്ല,സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിക്കണം എന്ന കാഴ്ചപ്പാടിലാണ് പരിസ്ഥിതി മന്ത്രാലയം.

കേരളത്തിലെ പ്രളയത്തിന് ഖനനവും കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കേണ്ടെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.പരിസ്ഥിതി ആഘാതം വിലയിരുത്തി ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള അതോറിറ്റിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ഖനനാനുമതി തേടി നിരവധി അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിക്കുന്നത്.കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേരളത്തോട് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കേണ്ടതുള്ളു എന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം

You might also like

-