കലൈഞ്ചർ കരുണാനിധി തമിഴക രാഷ്ട്രീയത്തിലെ അതികായകൻ

കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിലൂടെയാണ് തമിഴക രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്

0

ചെന്നൈ: 50 വർഷത്തിലധികം തമിഴ് രാഷ്ട്രീയത്തെ നിയന്ത്രിച്ച കലൈഞ്ചർ കരുണാനിധി (94 ) ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ട്രക്കിയോസ്റ്റോമി ട്യൂബ് മാറ്റുന്നതിനായിട്ടാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷമായിരുന്നു ഗോപാലപുരത്തെ വീട്ടിലേക്ക് മാറ്റിയത്. ഡിഎംകെയുടെ തലപ്പത്ത് അരനൂറ്റാണ്ട് കാലവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്ഠിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു.

സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈയുടെ വിയോഗത്തെ തുടര്‍ന്നാണ് 1969 ല്‍ കരുണാനിധി ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. കരുണാനിധിയെന്ന കലൈഞ്ജര്‍ ഡിഎംകെയെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ത്തുന്നതിന് പിന്നില്‍ സുപ്രധാന പങ്കാണ് വഹിച്ചത്.

തമിഴ്‌നാട്ടിലെ നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായ ജനിച്ച കലൈഞ്ജര്‍ക്ക് മാതാപിതാക്കള്‍ ദക്ഷിണാമൂര്‍ത്തിയെന്നാണ് പേര് നല്‍കിയത്. വിദ്യാഭ്യാസ കാലത്ത് നാടകം,കവിത,സാഹിത്യം തുടങ്ങിയവില്‍ മികവ് പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിലൂടെയാണ് തമിഴക രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്തവായി പിന്നീട് കരുണാനിധി മാറുന്നതാണ് കാലം സാക്ഷ്യം വഹിച്ചത്.

പെരിയോറും ശിഷ്യന്‍ അണ്ണാദുരൈയും അധികാര രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുണ്ടായ കാലത്ത് കരുണാനിധി അണ്ണാദുരൈയ്ക്ക് ഒപ്പമായിരുന്നു. അധികാര രാഷ്ട്രീയത്തിലേക്ക് അണ്ണാദുരൈ ചുവട് വച്ചപ്പോള്‍ സഹചാരിയായി കരുണാനിധിയുമുണ്ടായിരുന്നു. പ്രാദേശിക വാദവും ദ്രാവിഡ രാഷ്ട്രീയവും തമിഴ് ജനതയുടെ മനസില്‍ ആഴത്തില്‍ പതിയുന്നതില്‍ കരുണാനിധി വഹിച്ചത് വലിയ പങ്കാണ്. ഡിഎംകെ അധികാരം നേടി രണ്ടു വര്‍ഷത്തിന് ശേഷം അണ്ണാദുരൈ അന്തരിച്ചു.

1969 ല്‍ അണ്ണാദുരൈയുടെ പിന്‍ഗാമിയാര് എന്ന ചോദ്യം ഡിഎംകെയില്‍ ശക്തമായി. നെടുഞ്ചെഴിയനും കരുണാനിധിയുമായിരുന്നു പിന്‍ഗാമികളായി പരിഗണിക്കപ്പെട്ടവര്‍. നെടുഞ്ചെഴിയന് പകരം കലൈഞ്ജരുടെ സ്ഥാനലബ്ധിക്ക് പിന്തുണ നല്‍കി എംജിആര്‍ കൂടെ നിന്നതോടെ കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായി. പിന്നീട് അതേവര്‍ഷം തന്നെ കരുണാനിധി ഡിഎംകെയുടെ  പ്രഥമ പ്രസിഡന്റായി. അണ്ണാദുരൈ  രാമസാമിയോടുള്ള ആദരസൂചകമായി ഒഴിച്ചിട്ട  ഡിഎംകെ അധ്യക്ഷ സ്ഥാനവും കരുണാനിധിക്ക് വന്ന് ചേര്‍ന്നതോടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായി കലൈഞ്ജര്‍ മാറി.

ജയപരാജയങ്ങള്‍ പലതവണ മാറി വന്നിട്ടും കരുണാനിധിയുടെ കീഴില്‍ ഡികെഎം ശക്തമായി നിലകൊണ്ടു. എംജിആര്‍ അണ്ണാഡിഎംകെ രൂപീകരിച്ചതോടെ തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിക്ക് ശക്തനായ എതിരാളിയെ കാലം സമ്മാനിച്ചു. അണ്ണാഡിഎംകെയുമായിട്ടുള്ള പോരാട്ടത്തിന് ഡിഎംകെയ്ക്ക് കരുത്ത് പകര്‍ന്ന് നിന്നത് കരുണാനിധിയാണ്.

എംജിആറിന് ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെയെ മുന്നോട്ട് നയിച്ചത് കരുണാനിധിയായിരുന്നു. 2016 അവസാനമാണ് കരുണാനിധി ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ പിന്‍വാങ്ങിയത്. തമിഴക രാഷ്ട്രീയത്തിന്റെ അമരത്ത് നിന്നപ്പോഴും അഴിമതിയും കുടുംബ രാഷ്ട്രീയവും കരുണാനിധിയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തിയിരുന്നു.

പരേതയായ പത്മാവതി, രാസാത്തി അമ്മാൾ, ദയാലു അമ്മാൾ എന്നിവരാണ് ഭാര്യമാര്‍. എം.കെ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, എം.കെ. തമിഴരശ്, എം.കെ. ശെല്‍വി, എം.കെ. കനിമൊഴി എന്നിവര്‍ മക്കളാണ്  .

You might also like

-