കര്‍ണാടക പ്രതിസന്ധിയിൽ പരിഹാരം നീളുന്നു

സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായില്ല.

0

കര്‍ണാടക: ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണര്‍ വാജുഭായ് വാല നൽകിയ നിര്‍ദ്ദേശം നടപ്പായില്ല. സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായില്ല. വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തീര്‍ന്നുമതി ബാക്കി എല്ലാം എന്ന നിലപാടിൽ സ്പീക്കര്‍ ഉറച്ച് നിന്നതോടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നാടകം അനന്തമായി നീളുന്ന അവസ്ഥയിലാണ്.

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട എന്ന് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാൻ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കർ രമേഷ് കുമാർ മറിച്ചുള്ള ആരോപണങ്ങൾ ഒന്നും കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കാൻ പോന്ന ഒരാളും ഇതുവരെ ജനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ നിയമസഭയിൽ തുറന്നടിച്ചു.

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറല്ലെന്ന കോൺഗ്രസ് നിലപാട് വന്നതോടെ കാര്യങ്ങൾ കൂടുതല്‍ സങ്കീര്‍ണ്ണമായി. “നിങ്ങൾക്ക് ഇന്നോ തിങ്കളാഴ്ചയോ ഒക്കെ സർക്കാരുണ്ടാക്കാം, പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ട് മാത്രം “- ഇതായിരുന്നു വിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ സംസാരിച്ച് തുടങ്ങിയ കുമാരസ്വാമിയുടെ പ്രതികരണം, അരുണാചൽ പ്രദേശ് ഗവർണറുടെ നടപടിയിലെ സുപ്രീം കോടതി വിധി കുമാരസ്വാമി നിയമസഭയിൽ വായിച്ചു. ഗവർണർ സഭയുടെ അധികാരത്തിൽ ഇടപെടരുത് എന്ന് വിധിയിൽ വ്യക്തമാമെന്ന് കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ കത്തിൽ സ്പീക്കര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നായിരുന്നു കുമാരസ്വാമിയുടെ ആവശ്യം.

You might also like

-