ഐ.എം.എ നിക്ഷേപതട്ടിപ്പു കര്‍ണാടകയിൽ മുൻമന്ത്രി അറസ്റ്റിൽ

സംസ്ഥാനത്തെ ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതികളായ ഐ.എം.എ.(ഐ- മോണിട്ടറി അഡ്‌വൈസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

0

ബെംഗളൂരു: ഐ.എം.എ നിക്ഷേപ തട്ടിപ്പ് കേസിൽ കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്റ്റില്‍. ശിവരാജ് നഗര്‍ മുന്‍ എം.എല്‍.എ. കൂടിയായ റോഷന്‍ ബൈഗിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതികളായ ഐ.എം.എ.(ഐ- മോണിട്ടറി അഡ്‌വൈസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ബൈഗിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിനു പിന്നാലെ ഞായറാഴ്ച വൈകിട്ടോടെയാണ് റോഷന്‍ ബൈഗിനെ സി.ബി.ഐ അറസ്റ്റു ചെയ്തത്. ഐ.എം.എ. അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് റോഷൻ ബൈഗ്. നേരത്തെ കോണ്‍ഗ്രസില്‍ വിമതനീക്കം നടത്തിയതിനു പിന്നാലെ ബൈഗ് അയോഗ്യനാക്കപ്പെട്ടിരുന്നു.

ഐ‌എം‌എയുടെ ഇടപാടുകൾ അന്വേഷിക്കാൻ 2015 ൽ റിസർവ് ബാങ്കാണ് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഐ‌എം‌എ ഒരു മാനദണ്ഡങ്ങളും ലംഘിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടതനുസരിച്ച് 2018 നവംബറിലാണ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്.തട്ടിപ്പുമായി ബന്ധപ്പെട്ട് 25 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അനുബന്ധ കുറ്റപത്രത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ഹേമന്ത് നിംബാൽക്കർ, അജയ് ഹിലോരി എന്നിവരുൾപ്പെടെ 28 പ്രതികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഐ‌പി‌എസ് ഉദ്യോഗസ്ഥരെ കൂടാതെ, മുൻ ഡെപ്യൂട്ടി സൂപ്രണ്ട് (സിഐഡി) ഇ ബി ശ്രീധര, കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്റ്റേഷന്റെ ഇൻസ്പെക്ടറും സ്റ്റേഷൻ ഹൗസ് ഓഫീസറുമായ എം രമേശ്, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി ഗൗരിശങ്കർ എന്നിവരും പ്രതികളാണ്.

You might also like

-