‘അമ്മ പ്രായപൂർത്തിയാവാത്ത മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യപരിശോധന നടത്തും

കടയ്ക്കാവൂര്‍ പോക്‌സോ കേസിൽ അന്വേഷണത്തിനെതിരെ അടക്കം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സമഗ്ര പരിശോധന നടത്താനുള്ള പൊലീസ് നീക്കം.

0

തിരുവനന്തപുരം :കടയ്ക്കാവൂര്‍ ‘അമ്മ പ്രായപൂർത്തിയാവാത്ത മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ കുട്ടിയെ വൈദ്യപരിശോധനക്കായി മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരാക്കാനൊരുങ്ങി പൊലീസ്. സമഗ്ര അന്വേഷണത്തിന്‍റെ ഭാഗമായാണ് രണ്ടാമതും വൈദ്യപരിശോധന നടത്താൻ തീരുമാനിച്ചത്. അറസ്റ്റിലായ അമ്മയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയയ്ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

കടയ്ക്കാവൂര്‍ പോക്‌സോ കേസിൽ അന്വേഷണത്തിനെതിരെ അടക്കം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സമഗ്ര പരിശോധന നടത്താനുള്ള പൊലീസ് നീക്കം. ഇതിന്‍റെ ഭാഗമായി കുട്ടിയെ മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരാക്കി വൈദ്യ പരിശോധനക്ക് വിധേയമാക്കും. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കത്ത് നല്‍കി. ഉടൻ നടപടി സ്വീകരിക്കാമെന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് മറുപടി നൽകി. ബോർഡ് രൂപീകരിച്ച ശേഷം വൈദ്യ പരിശോധനയുടെ തിയ്യതി ആശുപത്രി പൊലീസിനെ അറിയിക്കും. കേസിൽ പ്രതിയായ അമ്മയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് ലാബിലേക്ക് അയയ്ക്കും. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായാണ് നടപടി.

ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ഫയലടക്കമുള്ള രേഖകള്‍ കടയ്ക്കാവൂർ എസ്ഐ ഐജിക്ക് കൈമാറും. പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിയായ യുവതി ഉടൻ ഹൈക്കോടതിയെ സമീപിക്കും. കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്

You might also like

-