ഇല രണ്ടും ജോസിന് തന്നെ ജോസഫിന്റെ ഹർജി തള്ളി

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്താണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

0

ഡൽഹി :രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്താണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ജോസഫ് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അപ്രതീക്ഷിതമായിരുന്നു രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി. മാണിക്ക് ശേഷം പാര്‍ട്ടിയിലെ പിളര്‍പ്പില്‍ ജോസഫ് വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. സി.എഫ് തോമസ്, ജോയി എബ്രഹാം തുടങ്ങിയ മാണി വിഭാഗത്തിലെ പ്രമുഖര്‍ ജോസഫ് വിഭാഗത്തിനൊപ്പം അണി നിരന്നതും യു.ഡി.എഫ് നടപടിയെ സ്വാധീനിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്.ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി

You might also like

-