കുട്ടികള്‍ രാഷ്ട്രീയക്കാരുടെ ചിത്രം ചുമക്കുന്നത് നാണക്കേട്; വിലക്കി മദ്രാസ് ഹൈക്കോടതി

സ്കൂള്‍ ബാഗുകളിലും പാഠപുസ്തകങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി.

0

സ്കൂള്‍ ബാഗുകളിലും പാഠപുസ്തകങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. വോട്ടവകാശം പോലുമില്ലാത്ത കുട്ടികൾ രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്കൂളിൽ പോകുന്ന കാഴ്ച നാണക്കേടുളവാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ പണം ചെലവഴിച്ചു തയാറാക്കിയ, മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുള്ള ബാഗുകളും പുസ്തകങ്ങളും പാഴാക്കി കളയരുതെന്നു സംസ്ഥാനത്തിനു നിർദേശം നൽകണമെന്ന ഹരജി തീർപ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ലെന്നും ഭാവിയിൽ ഇത്തരം നടപടികൾ തുടരില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യത്തിനായി പൊതുഫണ്ട് ചെലവഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അതീവ ജാഗ്രത പുലർത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണ്ണാ ഡി.എം.കെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസാമിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച് കഴിഞ്ഞ സർക്കാർ നൽകിയ സ്കൂൾ ബാഗുകൾ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിലൂടെ ലാഭിക്കാവുന്ന 13 കോടി രൂപ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

You might also like

-