ചാരക്കേസില്‍ ലീഡറുടെ പടിയിറക്കം 1995 മാര്‍ച്ച് 16 : ‘എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്, എന്നെ ഞാനാക്കിയ ജനങ്ങളോട്

0

തിരുവനതപുരം :22 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഐഎസ്ആർഒ ചാരകേസിൽ നമ്പി നാരായണന് നീതി ലഭിക്കുമ്പോള്‍ 1995 മാര്‍ച്ച് 16-ന് തന്‍റെ മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തോട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്‍ നടത്തിയ രാജി പ്രഖ്യാപനം പ്രസക്തമാവുകയാണ്.

പാര്‍ട്ടിയില്‍ സമാനതകളില്ലാത്ത ഗ്രൂപ്പ് പോര് നടക്കുന്ന കാലത്ത് എതിര്‍പക്ഷം മാധ്യമങ്ങളെ കൂട്ടു പിടിച്ച് നടത്തിയ നെറി കെട്ട രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പടിയിറങ്ങുന്നതെന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടു തന്നെയാണ് കെ കരുണാകരന്‍ ചാരക്കേസിന്‍റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമ്പോള്‍ അത് മാധ്യമ പ്രവര്‍ത്തകരോട് പറയാതെ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്.

‘എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്. എന്നെ ഞാനാക്കിയ, കോണ്‍ഗ്രസിനെ കാത്തുരക്ഷിക്കുന്ന ഞങ്ങളുടെയെല്ലാം ആശ്രയമായ ജനങ്ങളോട് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 9.30 മണിക്ക് ഞാന്‍ രാജി വെയ്ക്കാന്‍ പോവുകയാണ്. പക്ഷേ ഇത് ചെയ്ത ആളുകള്‍ക്ക് ഇതിനി ആവര്‍ത്തിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കില്ല. മാപ്പ് നല്‍കില്ല.’

ഐ.എസ്.ആര്‍.ഒ കേസില്‍ ആരോപണ വിധേയനായ രമണ്‍ ശ്രീ വാസ്തവയെ സംരക്ഷിക്കുന്നുവെന്ന എതിര്‍ ഗ്രൂപ്പുകാരുടെ ശക്തമായ ആരോപണത്തെ തുടര്‍ന്നായിരുന്നു കരുണാകരന്‍റെ രാജി. കരുണാകരന്‍റെ രക്തത്തിനായി മുറവിളി കൂട്ടിയവര്‍ ഇന്നും സുരക്ഷിതരായി ഇരിക്കുകയും നമ്പി നാരായണന് അനുകൂലമായ വിധിയില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു.

അന്ന് കരുണാകരന്‍റെ രാജിയിലേക്ക് നയിച്ച നാള്‍ വഴികളിലൂടെ

തുടര്‍ഭരണം പ്രതീക്ഷിച്ച എല്‍.ഡി.എഫിന്‍റെ മോഹങ്ങളെ തകര്‍ത്ത് രാജീവ് ഗാന്ധിയുടെ ദാരുണ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ യു.ഡി.എഫ് വിജയിക്കുന്നു.
1991 ജൂണ്‍ 29 ന് കെ കരുണാകരന്‍ നാലാമതും കേരളത്തിന്‍റെ മുഖ്യമന്തിയായി ചുമതലയേല്‍ക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും രൂക്ഷമായ ഗ്രൂപ്പ് പോരിന് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു 1991-1996 ലേത്.
ആന്‍റണി പക്ഷത്തായിരുന്ന വയലാര്‍ രവിയെ മറുകണ്ടം ചാടിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ആന്‍റണിയ്ക്കെതിരെ അട്ടിമറി ജയം നേടുന്നു.
1992 കാറപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ടി കരുണാകരന്‍ അമേരിക്കയിലേക്ക് പോയ സമയത്ത് അദ്ദേഹത്തിന്‍റെ മാനസ പുത്രന്മാരായി നിന്നിരുന്ന രമേശ് ചെന്നിത്തലയും, ജി കാര്‍ത്തികേയനും, എം ഐ ഷാനവാസും ലീഡര്‍ക്കെതിരെ തിരിയുന്നു.
പാമോലിന്‍ അഴിമതിയില്‍ 6.4 കോടി സംസ്ഥാനത്തിന് നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തുന്നു.
നേതൃമാറ്റ ആവശ്യം ‘എ’ ഗ്രൂപ്പ് ശക്തമാക്കുന്നു.
പാമോലിന്‍ അഴിമതിയില്‍ കെ കരുണാകരന്‍ കുറ്റക്കാരനാണെന്ന് ‘എ’ ഗ്രൂപ്പ് നേതാവായ എം.എം. ഹസന്‍ അധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തുന്നു.
ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കരുണാകരന്‍ ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി സഭയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കുന്നു.
നേതൃമാറ്റം ആവശ്യപ്പെട്ട് 20 എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ഉമ്മന്‍ ചാണ്ടി ഹൈക്കാമാന്‍റിന് നല്‍കുന്നു.
ഐ.എസ്.ആര്‍.ഒയില്‍ നിന്ന് ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉണ്ടാകുന്നു.
കേസിലെ കുറ്റാരോപിതനായ രമണ്‍ ശ്രീവാസ്തവയെ കരുണാകരന്‍ സംരക്ഷിക്കുന്നുവെന്ന് ‘എ’ പക്ഷം ഏറ്റെടുത്തു.
തക്കം പാര്‍ത്തിരുന്ന കരുണാകര വിരുദ്ധരെല്ലാം ഒറ്റക്കെട്ടായി രംഗത്ത് വരുന്നു.
ലീഗടക്കമുള്ള ഘടക കക്ഷികള്‍ കരുണാകരന്‍റെ രാജി ആവശ്യപ്പെടുന്നു.
കരുണാകരന്‍റെ ഇഷ്ടക്കാരനായിരുന്ന അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവു കരുണാകരനെ കൈ വിടുന്നു.
1996 മാര്‍ച്ച് 16-ന് കെ. കരുണാകരന്‍ രാജി പ്രഖ്യാപിക്കുന്നു.
കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് പരാജയപ്പെട്ട് വ്രണിത ഹൃദയനായി ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയ എ.കെ ആന്‍റണി നാവിക സേനയുടെ പ്രത്യേക വിമാനമായ രാജഹംസത്തില്‍ കേരളത്തിലെത്തുന്നു.
ആന്‍റണി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നു.

You might also like

-