ഇന്തോനേഷ്യയില്‍ ഭൂചലനം സുനാമി, മരണം 408 കവിഞ്ഞു

പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം പ്രകൃതി ദുരന്തത്തില്‍ 384 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി സ്ഥിരീകരിച്ചു

0

പലു: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 408 ആയി. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം പ്രകൃതി ദുരന്തത്തില്‍ 384 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി സ്ഥിരീകരിച്ചു.

സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെയുള്ള ദ്വീപിൽ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് സുനാമിയുണ്ടായത്. ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ച റിക്ടര്‍ സ്കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി ആഞ്ഞടിച്ചത്. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകൾ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കരയിലേക്ക് അടിച്ച് കയറിയത്. പ്രഭവ കേന്ദ്രത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. വന്‍തോതില്‍ കെട്ടിടങ്ങളും ഭൂചലനത്തിലും സുനാമിയിലുമായി തകര്‍ന്നടിഞ്ഞിട്ടുണ്ട്.

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ദുരന്തബാധിത പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലേക്കും ഇനിയും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. നിരവധി ആളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ എവിടെയൊക്കെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് ധാരണയില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂലൈഓഗസ്റ്റ് മാസത്തില്‍ സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ഉണ്ടായ ഭൂചലനത്തില്‍ 500 ഓളം പേരുടെ ജീവന്‍ നഷ്ടമായിരുന്നു. 2004 ഡിസംബറില്‍ പശ്ചിമ ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ മരിച്ചിരുന്നു.

You might also like

-