അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം വെല്ലുവിളി നേരിടാൻ അതിർത്തിയിൽ സേനാവിന്യാസം നടത്തി ഇന്ത്യ

ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു

0

ഡല്‍ഹി: ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചൈന പ്രകോപനം ആവർത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. സൈനിക – നയതന്ത്ര ചർച്ചകളിലൂടെ ഉണ്ടാക്കിയ സമവായം ചൈന ലംഘിക്കുന്നതായും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു.എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു

അഞ്ച് തവണയായി നടന്ന സൈനിക തല ചര്‍ച്ചയിലും നാലുതവണ നടന്ന നയതന്ത്ര ചര്‍ച്ചയിലും രൂപപ്പെടുത്തിയ ധാരണകള്‍ പാലിക്കാന്‍ ചൈന തയ്യാറായില്ല. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി പ്രകോപനം ഉണ്ടാകുന്നത്.
ഓഗസ്റ്റ് 30 ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ചര്‍ച്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമം നടത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. വിഷയത്തില്‍ നയതന്ത്രതലത്തില്‍ ഇന്ത്യപ്രതിഷേധം അറിയിച്ചു. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള മേല്‍കൈ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് സൈന്യം നടത്തിയത്. ഇവിടെയുള്ള ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളയുകയും ചെയ്തു. എന്നാല്‍ ഇനിയും മുന്നോട്ടുപോകരുതെന്ന് സൈന്യം ചൈനീസ് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം തടയാന്‍ ഇന്ത്യന്‍ സൈന്യം അവിടെ നിലയുറപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ രണ്ട് ടാങ്ക് റെജിമെന്റുകളേയും കവചിത വാഹനങ്ങളും അവിടേക്ക് വിന്യസിച്ചത്. ചര്‍ച്ചകളിലുണ്ടായ ധാരണകള്‍ പാലിക്കാതെ പാംഗോങ് തടാകത്തിലെ പ്രദേശങ്ങളില്‍ നിന്ന് ചൈന പിന്മാറാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഇവിടെ ചൈനീസ് അതിക്രമം ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി കണ്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ അറിയാന്‍ ചൈനീസ് സൈന്യം ചാരവൃത്തിക്കായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും ഇന്ത്യന്‍ സൈന്യം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്‍മര്‍ സന്ദര്‍ശനം റദ്ദാക്കി. ലഡാക്കിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അയല്‍ക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്നും അമേരിക്ക പറയുന്നു.

You might also like

-