ആദായനികുതി റിട്ടേൺ സർവകാല റിക്കോർഡ് സമർപ്പിച്ചത് 5.42 കോടി പേർ; 71 % വർധന

ഈ വർഷം മുതൽ റിട്ടേൺ വൈകി സമർപ്പിച്ചാൽ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും

0

ഡൽഹി:കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിച്ചപ്പോൾ, ഇതുവരെ റിട്ടേൺ സമർപ്പിച്ചത് 5.42 കോടി പേർ. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 70.86 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കേന്ദ്രധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്.

അവസാന ദിവസമായ ആഗസ്റ്റ് 31ന് മാത്രം 34.95 ലക്ഷം പേർ റിട്ടേൺ സമർപ്പിച്ചു. മുൻവർഷത്തെ കാലപരിധിയുമായി താരതമ്യം ചെയ്യുമ്പോൾ റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിൽ വലിയ മുന്നേറ്റമുണ്ടായെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഈ വർഷം മുതൽ റിട്ടേൺ വൈകി സമർപ്പിച്ചാൽ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും. ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയാണു പിഴ. ഡിസംബർ 31നു ശേഷം സമർപ്പിക്കുന്ന റിട്ടേണിന് 10,000 രൂപയാണ് പിഴ. അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രം വരുമാനമുള്ള ചെറുകിട നികുതിദായകർക്കുള്ള പിഴ പരമാവധി 1000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ശമ്പളക്കാരായ വ്യക്തികളിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 54 ശതമാനമാണ് വർധിച്ചത്. നോട്ടുനിരോധനം, നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ബോധവത്കരണം, പിഴ നിശ്ചയിച്ചത് എന്നിവയൊക്കെ റിട്ടേൺ സമർപ്പിക്കുന്നരുടെ എണ്ണം കൂടുന്നതിന് കാരണമായതായി സർക്കാർ വ്യക്തമാക്കി.

You might also like

-