ആയിരം കോടി മുതൽ മുടക്കിൽ ഇടുക്കി ജല വൈദുത പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ

130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകൾ പുതിയ നിലയത്തിലും സ്ഥാപിക്കും.കുളമാവ് ഡാമിനുള്ളിൽ പുതിയ ഇൻടേക്ക് സ്ഥാപിച്ച് ഇവിടെ നിന്നെത്തുന്ന വെള്ളം പെൻസ്റ്റോക്കുവഴി പുതിയ നിലയത്തിലെത്തിക്കുന്ന രീതിയിലാണ് ആദ്യ പഠനറിപ്പോർട്ട്.

0

https://www.facebook.com/100301158345818/videos/272231610668426/?t=61

ഇടുക്കി : ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി രണ്ടാമത് നിലയം വരുന്നത് ആയിരം കോടി രൂപ മുതൽ മുടക്കിൽ. പുതിയ നിലയത്തിന്റെ രൂപരേഖ കെഎസ്ഇബി പുറത്തുവിട്ടു. നിലവിലെ ഭൂഗർഭ നിലയത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് പുതിയ നിലയം. ഇതും ഭൂഗർഭ നിലയമാണ്.പുതിയ നിലയം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണി പ്രഖ്യാപിച്ചിരുന്നു. വിശദമായ രൂപരേഖ തയാറാക്കുന്ന ചുമതല കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്‌കോസിനാണ്. 18 മാസത്തിനുള്ളിൽ ഇതു സമർപ്പിക്കും. 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകൾ പുതിയ നിലയത്തിലും സ്ഥാപിക്കും.കുളമാവ് ഡാമിനുള്ളിൽ പുതിയ ഇൻടേക്ക് സ്ഥാപിച്ച് ഇവിടെ നിന്നെത്തുന്ന വെള്ളം പെൻസ്റ്റോക്കുവഴി പുതിയ നിലയത്തിലെത്തിക്കുന്ന രീതിയിലാണ് ആദ്യ പഠനറിപ്പോർട്ട്. പുതിയ നിലയം സ്ഥാപിച്ചാൽ 5 വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചു കിട്ടുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.

2 നിലയങ്ങളിലും പകൽ ഉൽപാദനം കുറച്ച് വൈദ്യുതി ഏറ്റവും ആവശ്യമായ പീക് ലോഡ് സമയത്ത് കൂടുതൽ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. വൈകിട്ട് 5 മുതൽ 10 വരെയാണ് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ പണം നൽകേണ്ടത്. പുതിയ നിലയം വരുന്നതോടെ വൈകിട്ട് ഇടുക്കി പദ്ധതിയിലെ 12 ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകും. പുതിയ നിലയം സ്ഥാപിച്ചാൽ വർഷം 500 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
എം എം മാണി വൈദുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം മുടങ്ങിക്കിടന്ന കുട്ടിയാർ വാലി ജലവൈദുത പദ്ധതിയും 376 കോടി ചിലവഴിച്ച ശേഷം ബോർഡ് ഉപേക്ഷിച്ച പള്ളിവാസൽ പദ്ധതിയും പുനരാഭിക്കുകയും പുതിയ നിരവധി പദ്ധതികൾക്ക് തുടക്കമിടുകയു ചെയ്തിരുന്നു . മാത്രമല്ല മാങ്കുളം പദ്ധതിയുടെ സ്ഥലമേറ്റടുപ്പ് 95 ശതമാനവും പൂർത്തിയാക്കി . നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലേക്ക് കടക്കാനും സാധിച്ചു ജലവൈദുത പദ്ധതികൾക്ക് പുറമെ സൗരോർജ്ജത്തിൽ നിന്നും വൈദുതി ലഭ്യമാക്കാനുള്ള ബ്രഹ്ത്ത് പദ്ധതികളുംഉണ്ടൻ നടപ്പാകും

മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍

അതേസമയം രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതി വൈദ്യുതോല്‍പ്പാദനത്തില്‍ ചരിത്ര നാഴികക്കല്ലിന്റെ നിറവിലാണ് . മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍ എത്തിയതോടെയാണിത്. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നും 44 വര്‍ഷം കൊണ്ടാണീ നേട്ടം കൈവരിച്ചത്.

ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പവര്‍ ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കുതിരലാടത്തിന്റെ ആകൃതിയിലാണ് മൂലമറ്റം വൈദ്യുതി നിലയം പണിതിരിക്കുന്നത്. പ്രദേശത്തിന്റെയും ഭൂപ്രകൃതിയുടെയും പ്രത്യേകത പരിഗണിച്ച് ഭൂമിയുടെ അടിയിലാണ് വൈദ്യുതി നിലയം. വിസ്തൃതി ഏറിയ പാറയ്ക്കുള്ളില്‍ തുരന്നെടുത്ത 7 നിലകളായാണ് വൈദുതി നിലയം. പുറമേയുള്ള പ്രവേശന കവാടത്തില്‍ നിന്നും തുരങ്കത്തിലൂടെ വാഹനത്തിലെത്തുന്നത് 4-ാം നിലയിലാണ്. ഇവിടെ നിന്നും മൂന്നു നിലകള്‍ വീതം താഴെയും മുകളിലുമായുണ്ട്.

* ഒന്നാം നില ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാന്‍
* രണ്ടാം നില വാട്ടര്‍ കണ്ടക്ടര്‍ സംവിധാനം
* മൂന്നാം നില കൂളിങ് സംവിധാനം
* നാലാം നില ജനറേറ്ററും ജനറേറ്ററിന്റെ ഏതാനും ഭാഗവും ട്രാന്‍സ്ഫോമറുകളും
* അഞ്ചാം നില ട്രാന്‍സ്ഫോമറുകള്‍
* ആറാം നില കണ്‍ട്രോള്‍ റൂം
* ഏഴാം നില എയര്‍കണ്ടീഷനിങ് സംവിധാനങ്ങള്‍

പദ്ധതിയുടെ ആരംഭ കാലത്ത് പതിനായിരത്തിലധികം ആളുകള്‍ പണിയെടുത്തതായാണ് കണക്കുകള്‍. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജല സംഭരണിയാണ് ഊര്‍ജോല്‍പാദനത്തിന്റെ സ്രോതസ്.

കുളമാവ് അണക്കെട്ടിനു സമീപം സ്ഥാപിച്ചിരിക്കുന്ന മോണിങ് ഗ്ലോറി ഇന്‍ടേക് ടവര്‍ വഴിയാണ് വെള്ളം നിലയത്തിലെത്തിക്കുന്നത്. ഇത് പൂര്‍ണമായും ജലാശയത്തിനകത്താണ്. തുടര്‍ന്നു ടണല്‍ വഴി വെള്ളം കണ്‍ട്രോള്‍ ഷാഫ്റ്റിലെത്തി ഇവിടെ നിന്നും സര്‍ജ് ഷാഫ്റ്റിലെത്തിക്കും. നാടുകാണി മലയുടെ സമീപത്തുള്ള ബട്ടര്‍ഫ്ളൈ വാല്‍വുകള്‍ വഴി ഭൂമിക്ക് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന പെന്‍സ്റ്റോക്കുകളിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തിലെത്തും. തുടര്‍ന്ന് സ്‌ഫെറിക്കല്‍ വാല്‍വ് വഴി കടത്തിവിടുന്ന വെള്ളം ജനറേറ്ററുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനുകള്‍ കറക്കും. ഇങ്ങനെയാണ് നിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
മൂന്ന് വീതം ജനറേറ്റുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ട് തവണ സമാന്തരമായി പാറ തുരന്നിട്ടുണ്ട്. കുളമാവ് മുതല്‍ മൂലമറ്റം വരെയുള്ള തുരങ്കവും വൈദ്യുതി നിലയവും പൂര്‍ണമായി ഭൂമിക്കുള്ളില്‍ പാറ തുരന്നുണ്ടാക്കിയതാണ്. ഇതിനായി കുളമാവില്‍ നിന്ന് 1.5 കിലോ മീറ്റര്‍ ദൂരം പാറ തുരന്നിട്ടുണ്ട്. ഭൂമിക്കടിയിലൂടെയെത്തുന്ന വെള്ളം ഏകദേശം 669.2 മിറ്റര്‍ (2195 അടി) ഉയരത്തില്‍ നിന്നും ആറ് ടര്‍ബൈനുകളിലേക്കു വീഴിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഒരോ ടര്‍ബൈനുകളുടേയും ക്ഷമത 130 മെഗാവാട്ടാണ്. ആകെ 780 മെഗാവാട്ടാണിവിടത്തെ ഉദ്പാദന ക്ഷമത. എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 18 ദശ ലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഇവിടെ ഉദ്പാദിപ്പിക്കാം. ആവകശ്യത അനുസരിച്ച് മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പാദനം ക്രമീകരിക്കും.
എഞ്ചിനീയര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ നിരവധി ജീവനക്കാരാണ് മുഴുവന്‍ സമയവും ഇവിടെ ജോലി ചെയ്യുന്നത്. അപകട സാധ്യത കൂടിയ ഗണത്തില്‍ വരുന്നതിനാല്‍ ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷിഫ്റ്റുകളായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഭൂമിക്കടിയിലെ കുറഞ്ഞ ഓക്‌സിജന്‍ അളവില്‍ ഓരോ നിമിഷവും അപകടം മുന്നില്‍ കണ്ടാണ് ഇവരുടെ ജോലി. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായ ഇവിടെ 2011ലെ പൊട്ടിത്തെറിയില്‍ വനിതയടക്കം രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ചിട്ടുണ്ട്. അതീവ ദുഷ്‌കരമായ ജോലിക്കിടയിലും ചരിത്രനേട്ടം യാതാര്‍ഥ്യമാക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ജീവനക്കാര്‍.ഹൈ ഹെഡ് പവര്‍ സ്റ്റേഷന്‍ ആയതിനാല്‍ പെല്‍റ്റണ്‍ ടര്‍ബൈനാണ് മൂലമറ്റത്ത് ഉപയോഗിച്ചിരിക്കുന്നത്.
മൂലമറ്റത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിലൊട്ടാകെ വിതരണം ചെയ്യുന്നുണ്ട്. നേരിട്ട് മൂലമറ്റത്ത് നിന്നും വിതരണം ചെയ്യുന്നില്ല. മൂലമറ്റം നിലയത്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി, ഓയില്‍ നിറച്ച 220 കെവി കേബിള്‍ വഴി പവര്‍ഹൗസിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് യാര്‍ഡിലെത്തിക്കും. ഇവിടെ നിന്ന് ആറ് 220 കെവി ഫീഡര്‍ വഴി കളമശ്ശേരി (70 കി.മീ. 2 ലൈനുകള്‍ ), ലോവര്‍പെരിയാര്‍ (30 കി.മീ. 2 ലൈനുകള്‍ ), പള്ളം (60 കി.മീ. ഒരു ലൈന്‍), ഉദുമല്‍പേട്ട (അന്തസംസ്ഥാന വൈദ്യുതി ലൈന്‍, 2 ഫീഡറുകള്‍, 110 കി.മീ) എന്നിവിടങ്ങിലെ സബ് സ്റ്റേഷനുകളിലേക്ക് ആദ്യം നേരിട്ട് വൈദ്യുതി എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായുള്ള ടവര്‍ ലൈനുകള്‍ വനത്തിലൂടെയും ജനവാസ മേഖലയിലൂടെയുമാണ് കടന്നു പോകുന്നത്. ഈ നാല് സബ് സ്റ്റേഷനുകളില്‍ നിന്നാണ് കേരളത്തിലെ മറ്റിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും മൂലമറ്റത്ത് നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നും ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 23 പൈസായാണ് ചിലവ്.

110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ മുതല്‍ മുടക്ക്. നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു. 1967ല്‍ ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ച് കരാര്‍ ഒപ്പുവച്ചു. 1969 ഏപ്രില്‍ 30 നാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ ആണ് പദ്ധതിയുടെ കണ്‍സല്‍റ്റന്റ്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഡാമില്‍ 1973 ഫെബ്രുവരിയില്‍ ജലം സംഭരിക്കാന്‍ തുടങ്ങി. ആദ്യ ട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ 4 ന് നടന്നു. 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ചു. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ലയു ജെ ജോണും ആദിവാസി മൂപ്പന്‍ കരിവെള്ളായന്‍ കൊലുമ്പന്‍ എന്നിവരാണ് ഈ പദ്ധതിയുടെ സാധ്യതകളെ പറ്റി പുറം ലോകത്തെ അറിയിച്ചത്.

You might also like

-