“ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം” ബിനീഷ് കോടിയേരി കേരളത്തിലെത്തി

"കോടതിയോട് നന്ദി പറയുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചു. എല്ലാ കാലത്തും സത്യം മറച്ചുവെക്കാനില്ല, ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം'". ബിനീഷ് കോടിയേരി പറഞ്ഞു

0

തിരുവനന്തപുരം :ഇ ഡി കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിനും ഒരു ദിവസത്തിനും ശേഷം ജയില്‍ മോചിതനായ ബിനീഷ് കോടിയേരി കേരളത്തിലെത്തി. 2020 ഒക്ടോബര്‍ 29നാണ് ലഹരിക്കടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇ ഡി ബിനീഷിനെ അറസ്റ്റുചെയ്യുന്നത്.
ഇന്നലെ ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്.ഇ ഡിയ്‌ക്കോ നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ ബ്യൂറോക്കോ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ അന്വേഷണ ഏജന്‍സിയുടെ ശക്തമായ എതിര്‍പ്പ് പരിഗണിക്കാതെയാണ് കര്‍ണ്ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം നല്‍കിയത്.
വിചാരണകോടതിയില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവ് ഇന്നലെ വൈകിട്ടോടെ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിക്കുകയായിരുന്നു.
‘”കോടതിയോട് നന്ദി പറയുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചു. എല്ലാ കാലത്തും സത്യം മറച്ചുവെക്കാനില്ല, ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം'”. ബിനീഷ് കോടിയേരി പറഞ്ഞു

ബിനീഷിനെ വരവേൽക്കാൻ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പൂമാലയിട്ടാണ് ബിനീഷിനെ ഇവർ വരവേറ്റത്. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാൻ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിൻ്റെ പേരിൽ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു.

തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.

പിതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനടക്കമുള്ള കുടുംബാംഗങ്ങൾ ബിനീഷിനായി മരുതംകുഴിയിലെ വീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു വർഷം മുൻപേ ഇതേ വീട്ടിൽ വച്ചാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷിൻ്റെ ഭാര്യയെ ചോദ്യം ചെയ്തത്. ബിനീഷിൻ്റെ അറസ്റ്റിന് പിന്നാലെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു.

ബിനീഷിൻ്റെ സഹോദരൻ ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ബിനീഷിനെ സ്വീകരിക്കാനെത്തിയിരുന്നു.അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിന് പുറമെ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

You might also like

-