സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; ഉടന്‍അറസ്റ്റ്

മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

0

 

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.കെ. ടി റമീസ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഫൈസലിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. കാരാട്ട് ഫൈസലിനെതിരെ നിർണായക തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും നിർണായകമായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസൽ പലതവണ എത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കേസില്‍ കൂടുതല്‍ ഉന്നതരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കാരാട്ട് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ് നടത്തി. 4 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡില്‍ പ്രധാനപ്പെട്ട രേഖകള്‍ കണ്ടെടുത്തു. ആശുപത്രിയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൌണ്‍സിലര്‍ കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷമാണ് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായുള്ള കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഫൈസലിന്‍റെ നിക്ഷേപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് കസ്റ്റംസ് പരിശോധന. നിരവധി ഷെയര്‍ ഹോള്‍ഡേഴ്സുള്ള സ്ഥാപനത്തിലെ കൂടിയ ഷെയര്‍ കാരാട്ട് ഫൈസലിനാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസ് കണ്ടെടുത്തു. റെയ്ഡ് നടക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ആശുപത്രിയിലെത്തുന്നതിനെ മുമ്പേ മാര്‍ച്ച് പൊലീസ് തടഞ്ഞു.

ആശുപത്രി ചെയര്‍മാന്‍ കൂടിയായ കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിനെയും, ഫൈസലിന്‍റെ അടുപ്പക്കാരനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിനെയും ചോദ്യം ചെയ്യണമെന്ന് മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. ആശുപത്രിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 2018 ല്‍ മുസ്‍ലിം ലീഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

You might also like

-