എതിരില്ലാത്ത രണ്ട് ഗോളിന് വിജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ പിടിച്ചു കെട്ടാന്‍ ആരുണ്ട്; വെല്ലുവിളിച്ച് ഇംഗ്ലണ്ട്

28 വര്‍ഷത്തിന് ശേഷമുള്ള സെമി പ്രവേശനം; ആഘോഷത്തില്‍ ആറാടി ഇംഗ്ലണ്ട്

0

മോസ്‌കോ: 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് വീണ്ടും ലോകകപ്പിന്റെ സെമിഫൈനലില്‍. സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ഹാരി കെയ്‌നും കൂട്ടരും അവസാന നാലുടീമുകളില്‍ ഒന്നായത്

പ്രതീക്ഷകളുമായി വന്നു കെെയും വീശി മടങ്ങുന്ന പഴയ സംഘമല്ല തങ്ങളെന്ന് ഇംഗ്ലണ്ട് വീണ്ടും തെളിയിച്ചപ്പോള്‍ ലോകകപ്പിലെ സ്വീഡിഷ് കുതിപ്പിന് അന്ത്യം. ഇംഗ്ലീഷ് യുവനിരയ്ക്കു മുന്നില്‍ സമ്പൂര്‍ണമായി കീഴടങ്ങിയ മഞ്ഞപ്പടയുടെ സര്‍പ്രെെസ് നിര ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയത്. ഇരുപകുതികളിലുമായി മാഗ്യൂറും അലിയും ഇംഗ്ലണ്ടിനായി ഹെഡറിലൂടെ ഗോളുകള്‍ സ്വന്തമാക്കി.


ലോകകപ്പില്‍ അടുത്ത കാലത്ത് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ സാധിക്കാത്ത രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ഭാഗത്തു നിന്നും ആദ്യ മിനിറ്റുകളില്‍ ശ്രദ്ധയോടെയുള്ള മുന്നേറ്റങ്ങളാണ് നടന്നത്. പ്രതിരോധത്തില്‍ ഊന്നിയുള്ള സ്വീഡിഷ് ശെെലിക്ക് മുന്നില്‍ ഹാരി കെയ്നും സംഘത്തിനും സ്ഥിരം ആക്രമണ ശെെലി പുറത്തെടുക്കാന്‍ സാധിച്ചില്ല.

കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിനെ വിറപ്പിക്കാന്‍ ഗ്രാന്‍വിസ്റ്റിനും സംഘത്തിനും സാധിച്ചു. എങ്കിലും ഗോള്‍ പിറക്കാന്‍ സാധ്യതയുള്ള ഒരു നീക്കങ്ങള്‍ പോലും ആദ്യ 15 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു ടീമുകള്‍ക്കും നടത്താന്‍ സാധിച്ചില്ല. 18-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗിന്‍റെ പെട്ടെന്നുള്ള മുന്നേറ്റത്തില്‍ പാസ് ലഭിച്ച ഹാരി കെയ്ന്‍ പായിച്ച ലോംഗ് റേഞ്ചര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

ആദ്യത്തെ അമ്പരപ്പിന് ശേഷം ഇംഗ്ലീഷ് നിര വളരെ താളാത്മകമായി കളത്തിലേക്ക് തിരിച്ച് വന്നു. എറിക് ഡയറും സ്റ്റെര്‍ലിംഗും ഒത്തുചേര്‍ന്ന നടത്തിയ നീക്കങ്ങള്‍ ബോക്സ് വരെയെത്തിയെങ്കിലും കരുത്തോടെ നിന്ന സ്വീഡിഷ് പ്രതിരോധമാണ് അവര്‍ക്ക് വില്ലനായത്. 29-ാം മിനിറ്റില്‍ നിരന്തര മുന്നേറ്റങ്ങള്‍ നടത്തിയ ഇംഗ്ലണ്ടിന് ആദ്യ ഗോള്‍ സ്വന്തമായി. ഇംഗ്ലണ്ടിന്‍റെ ലോകകപ്പിലെ ശക്തിയായ സെറ്റ് പീസാണ് ഇത്തവണയും അനുഗ്രഹമായത്.

30-ാം മിനിറ്റില്‍ ആഷ്‍ലി യംഗ് തൊടുത്ത കോര്‍ണര്‍ ഹാരി മാഗ്യൂര്‍ വലയിലാക്കി. കളി കെെവിട്ട് പോകുന്നതായി മനസിലാക്കി സ്വീഡന്‍ അല്‍പംകൂടെ ആക്രമണത്തിന് പ്രാധാന്യം നല്‍കി കളിക്കാന്‍ ആരംഭിച്ചു. പക്ഷേ, ആദ്യ പകുതിയില്‍ കാര്യമായി ഒന്നും ചെയ്യാനാകാതെ കളത്തില്‍ നിന്ന് കയറാനായിരുന്നു സ്വീഡന്‍റെ വിധി. ഇതിനിടെ സ്റ്റെര്‍ലിംഗ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നുന്നെങ്കില്‍ സ്വീഡിഷ് വീഴ്ചയുടെ ആഘാതം വര്‍ധിക്കുമായിരുന്നു.

രണ്ടാം പകുതിയില്‍ ഒത്തിണക്കത്തോടെയുള്ള കളിയാണ് സ്വീഡന്‍ പുറത്തെടുത്തത്. 47-ാം മിനിറ്റില്‍ ബെര്‍ഗിന്‍റെ ഒരു കനത്ത ഹെഡര്‍ പിക്ഫോര്‍ഡ് ഒരുവിധമാണ് കുത്തിയകറ്റിയത്. പക്ഷേ, കളി ഇംഗ്ലണ്ടിന്‍റെ കെെവിട്ട് പോയില്ല. ഇംഗ്ലീഷ് മുന്നേറ്റം മുളയിലെ നുള്ളാന്‍ സാധിക്കാത്തത് സ്വീഡന്‍റെ വലയില്‍ രണ്ടാം ഗോള്‍ വീഴുന്നതിന് വഴിയൊരുക്കി.

59-ാം മിനിറ്റില്‍ ജെസെ ലിങ്കാര്‍ഡ് തൊടുത്ത് വിട്ട മനോഹരമായ ക്രോസ് ഉയര്‍ന്ന് ചാടി ഡെലെ അലി തലവെയ്ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ആരുമുണ്ടായില്ല. രണ്ടു ഗോളിന് പിന്നിലായിട്ടും പോരാട്ടം അടിയറവ് വെയ്ക്കാന്‍ സ്വീഡിഷ് നിര തയാറായില്ല. 62-ാം മിനിറ്റില്‍ ക്ലാസന്‍റെ മികച്ച ഒരു നീക്കം ഹെന്‍ഡേഴ്സണ്‍ ബ്ലോക് ചെയ്ത് അകറ്റി. തൊട്ട് പിന്നാലെ ഇംഗ്ലണ്ടും ചില മിന്നല്‍ ശ്രമങ്ങള്‍ നടത്തി.

72-ാം മിനിറ്റില്‍ ബോക്സിന് നടുവില്‍ പന്ത് ലഭിച്ച ബെര്‍ഗ് വെട്ടിത്തിരിഞ്ഞ് ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന പിക്ഫോര്‍ഡ് കുത്തിയകറ്റി.

പിന്നീടുള്ള നിമിഷങ്ങളിലെല്ലാം ഒരു ഗോള്‍ സ്വന്തമാക്കാനുള്ള സ്വീഡീഷ് ശ്രമവും ലീഡ് ഉയര്‍ത്താനുള്ള ഇംഗ്ലീഷ് നീക്കങ്ങളും സമാരയില്‍ പിറന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ മത്സരത്തില്‍ പിറന്നില്ല. വലിയ താരങ്ങളുടെ കൂട്ടയിടി ഒന്നുമില്ലാതെ വന്ന സ്വീഡന്‍ റഷ്യയില്‍ നിന്ന് മടങ്ങുന്നു… തലയുയര്‍ത്തി തന്നെ. ഹാരി കെയ്ന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിന്‍റെ യുവതുര്‍ക്കികള്‍ അശ്വമേധവുമായി അവസാന നാലിലേക്ക്

You might also like

-