യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമ കേസിൽപ്രതികളെ എത്തിച്ചു തെളിവെടുത്തു കുത്തിയ കത്തി കണ്ടെടുത്തു

അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. കേസിൽ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്.

0

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. കേസിൽ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം.

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

ആക്രമണത്തിന്‍റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
മൂന്ന് ദിവസത്തേക്കായിരുന്നു പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരുന്നത്. അഖിലിനെ കുത്താന‍് ഉപയോഗിച്ച ആയുധം കണ്ടെത്താനുണ്ട്. സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നും പിടിച്ചെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തെ ഇന്ന് രൂപീകരിക്കും. കേരള സർവകലാശാല, പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെക്കാണും. രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. വിഷയത്തില്‍ കെ.എസ്‌.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കെ.എസ്‌.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിൽ എ.ബി.വി.പി നടത്തുന്ന 72 മണിക്കൂർ പ്രതിഷേധ ധർണയും തുടരുകയാണ്.

You might also like

-