പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് വന്‍ തുക എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കണ്ടെടുത്തു

കഴിഞ്ഞാഴ്ച്ച നടന്ന റെയിഡിനിടെ അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ഡയറി ഇ ഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയെ പ്രതിക്കൂട്ടിലാക്കിയേക്കാവുന്ന നിരവധി തെളിവുകളാണ് റെയിഡിനിടെ കണ്ടെത്തിയത്.

0

ഡല്‍ഹി| അറസ്റ്റിലായ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് വന്‍ തുക എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കണ്ടെടുത്തു. വീട്ടിലെ ഷെല്‍ഫില്‍ നിന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ ഏകദേശം 20 കോടിയോളം രൂപ ഇവരുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.ഇന്ന് നടന്ന പരിശോധനയില്‍ കൂടുതല്‍ രേഖകളും പിടിച്ചെടുത്തായാണ് ഇ ഡി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കഴിഞ്ഞാഴ്ച്ച നടന്ന റെയിഡിനിടെ അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ഡയറി ഇ ഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയെ പ്രതിക്കൂട്ടിലാക്കിയേക്കാവുന്ന നിരവധി തെളിവുകളാണ് റെയിഡിനിടെ കണ്ടെത്തിയത്.

പാര്‍ത്ഥ ചാറ്റര്‍ജിയേയും അര്‍പ്പിത മുഖര്‍ജിയേയും ഇ ഡി ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ വീട്ടില്‍ നിന്നും 20 കോടിയോളം രൂപ പിടിച്ചെടുക്കുന്നത്. ഓഗസ്റ്റ് മൂന്ന് വരെ ഇരുവരേയും കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ അധ്യാപക നിയമന അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇതെന്ന് അര്‍പ്പിത സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പാര്‍ത്ഥ ചാറ്റര്‍ജിക്കും കൂട്ടര്‍ക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പത്ത് ദിവസത്തിലൊരിക്കല്‍ അവര്‍ ഇവിടേക്ക് വരുമായിരുന്നു. അര്‍പ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാര്‍ത്ഥ തന്റെയും മറ്റൊരു സ്ത്രീയുടേയും വീട് മിനി ബാങ്കായി ഉപയോഗിച്ചെന്നും അവര്‍ അയാളുടെ സുഹൃത്താണെന്നും അര്‍പ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരേയും ജീവനക്കാരേയും നിയമിച്ചതില്‍ അഴിമതി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശനിയാഴ്ച്ചയാണ് ഇയാളെ എന്‍ഫോഴസ്്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

You might also like

-