സ്വകാര്യ മേഖലയ്ക്ക് ഊന്നൽ ,കെ റെയിൽ,ഐ ടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ്

25 വർഷത്തിനുള്ളിൽ കേരളത്തിൽ എല്ലാവർക്കും ലോകനിലവാരമുള്ള ജീവിതം. തൊഴിൽ അവസരങ്ങൾ ഉയർത്താൻ വിപുലമായ പദ്ധതികൾ. എല്ലാ ജില്ലകളിലും സ്‌കിൽ പാർക്കുകൾ

0

തിരുവനന്തപുരം | സ്വകാര്യ മേഖലയ്ക്ക് പരമാവധി പ്രോത്സാഹനവും ഭൂപരിഷ്കരണ നിയമത്തിൽ അടക്കം മാറ്റവും പ്രഖ്യാപിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ്. സിപിഎമ്മിന്‍റെ മാറിയ വികസന കാഴ്ചപ്പാടുകൾ പ്രഖ്യാപിച്ച പാർട്ടി നയരേഖയ്ക്ക് പിന്നാലെ വന്ന ബജറ്റിൽ കെ റെയിൽ അടക്കം ഗതാഗത വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ മാത്രമേ സ്വകാര്യ വ്യവസായങ്ങൾ വരൂ എന്ന് വ്യക്ത്മാക്കിയ ധനമന്ത്രി സംരംഭകർക്കായി വ്യവസായ ഫെസിലിറ്റേഷൻ പാർക്കുകൾ പ്രഖ്യാപിച്ചു.

25 വർഷത്തിനുള്ളിൽ കേരളത്തിൽ എല്ലാവർക്കും ലോകനിലവാരമുള്ള ജീവിതം. തൊഴിൽ അവസരങ്ങൾ ഉയർത്താൻ വിപുലമായ പദ്ധതികൾ. എല്ലാ ജില്ലകളിലും സ്‌കിൽ പാർക്കുകൾ. സർവകലാശാല കാമ്പസുകളിൽ സ്റ്റാർട്ട് അപ് പ്രോത്സാഹനം.ദേശീയപാതയ്ക്ക് സമാന്തരമായി ഐ ടി ഇടനാഴികൾ. അഞ്ചു വർഷത്തിൽ ഐ ടി കയറ്റുമതി ഇരട്ടി ആകും. ഐ ടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി. 20 ചെറിയ ഐടി പാർക്കുകളും വരും.മൂല്യവർധിത ഉത്പന്നങ്ങൾക്കായി കാർഷിക മിഷൻ സ്ഥാപിക്കും. കേരള വിഭവങ്ങൾക്കായി 10 ഫുഡ് പാർക്ക് സ്ഥാപിക്കും. തോട്ടം ഭൂമി എന്നതിന്‍റെ നിർവചനം കാലോചിതമായി പരിഷ്‌കരിക്കും.

ഉന്നത വിദ്യാഭ്യാസത്തിൽ സമഗ്ര മാറ്റം കൊണ്ടുവരും. സർവകലാശാലകൾക്ക് 200 കോടി കിഫ്‌ബി വഴി നൽകും. സർവകലാശാലകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികൾ. 250 അന്താരാഷ്ട്ര ഹോസ്റ്റൽ മുറികളും സ്ഥാപിക്കും.

ഫൈവ് ജി വിപ്ലവത്തിന് പ്രോത്സാഹനം. കെ ഫോൺ ആദ്യഘട്ടം ജൂണിൽ തന്നെ. തിരുവനന്തപുരത്തു മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് വരും. വിമാനത്താവളങ്ങൾക്ക് സമീപം 1000 കോടി മുടക്കി നാല് സയൻസ് പാർക്കുകൾ.

ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തെക്കാൾ 288 കോടി രൂപ അധികമായി അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണൽ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. . 2022-23ൽ സംസ്ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്റ്റേറ്റ് ക്യാൻസർ സ്ട്രാറ്റജി അവതരിപ്പിക്കും. കാൻസർ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയ അവബോധം നൽകുന്നതിനും ആശുപത്രികളിൽ കൂടുതൽ കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.

നികുതി നിര്‍ദേശങ്ങള്‍

15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം വര്‍ദ്ധിപ്പിക്കും. രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും. എല്ലാ സ്ലാബുകളിലേയും അടിസ്ഥാന ഭൂനികുതി നിരക്ക് വർധിപ്പിക്കും ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് കൂട്ടിയത്. ഇതുവഴി 200 കോടി യുടെ അധിക വരുമാനം ഖജനാവിലെത്തും. ഭൂമിയുടെ ന്യായ വിലയിലെ അപാകതകൾ പരിശോധിക്കാനും ഇതിനായി ഉന്നതതല സമിതിയെ രൂപീകരിക്കാനും തീരുമാനമായി. അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷന്‍ എന്നിവിടങ്ങളില്‍ 40.476 ന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തും മോട്ടോർ വാഹന നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി 10 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യം. മോട്ടോർ വാഹന നികുതി കുടിശിക അടച്ചു തീർക്കൽ പദ്ധതി തുടരും അതേസമയം ബാർ ഹോട്ടലുകളുടെ റിട്ടേൺ സമർപ്പിക്കാനുള തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഏപ്രിൽ 30 നകം നികുതി അടച്ചു തീർക്കണം കാരവൻ വാഹനങ്ങൾക്ക് നല്‍കേണ്ടിയിരുന്ന നികുതി കുറച്ചിട്ടുണ്ട്. സ്വകയർ ഫീറ്റ് അടിസ്ഥാനപ്പെടുത്തി അടച്ചുകൊണ്ടിരുന്ന നികുതി 1000 രൂപയില്‍ നിന്ന് സ്ക്വയര്‍ ഫീറ്റിന് 500 രൂപയാക്കിയിട്ടുണ്ട്. വിവിധ നികുത നിര്‍ദ്ദേശങ്ങളിലൂടെ ആകെ 602 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

You might also like

-