വധശ്രമ ഗൂഡാലോചനാക്കേസിൽ എഫ്ഐആർ റദ്ദാക്കണം ദിലീപ് ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്

0

കൊച്ചി | വധശ്രമ ഗൂഡാലോചനാക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. പ്രോസിക്യൂഷന് ഏറെ നിർണായകമായ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത് .കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. സി ബി ഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചാലും പ്രോസിക്യൂഷന് തിരിച്ചടിയാകും.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടിസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയത്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിർണായക രേഖകൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ ഇന്നലെ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ പ്രദർശിപ്പിച്ചിരുന്നു. രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിചാരണ കോടതി അനുമതി നൽകിയിട്ടില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രേഖ മാധ്യമങ്ങൾക്ക് ചോർന്നതിൽ എ ഡി ജി പി ശ്രീജിത്ത് വിശദീകരണം നൽകിയിട്ടുണ്ട്. എന്നാൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിശദീകരണം തൃപ്തികരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

You might also like

-