ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യയുടെ  പങ്ക് അന്വേഷിക്കണം:സ്വാമി ഗംഗേശാനന്ദ 

‘ആ പെണ്‍കുട്ടിയും യുവാവും മാത്രം വിചാരിച്ചാല്‍ അത് ചെയ്യാന്‍ കഴിയില്ല. തനിക്കെതിരെ ആക്രമണം നടത്തിയതിനുപിന്നില്‍ വലിയൊരു സംഘത്തിന്റെ ഗൂഡാലോചനയുണ്ട്. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചട്ടമ്പിസ്വാമി ജന്മസ്ഥാനം ബി സന്ധ്യയും കുടുംബവും കയ്യടക്കിവച്ചിരിക്കുകയാണെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു

0

തിരുവനന്തപുരം | ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു     സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ബി സന്ധ്യയാണ്. എല്ലാം അവരുടെ അറിവോടെയാണ് നടന്നത്. സംഭവങ്ങളില്‍ ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.ലിംഗംമുറിച്ച കേസില്‍ ആദ്യ എഫ്‌ഐആറിലുണ്ടായിരുന്നത് 9 ചാര്‍ജ് ഷീറ്റുകളാണ്. പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ പോക്‌സോ കേസ് ഉള്‍പ്പെടെ ഒഴിവാക്കി. തന്റെ ലിംഗം ഛേദിച്ചത് ആരാണെന്നറിയില്ല. ബോധം കെടുത്തിയാണ് കൃത്യം നടത്തിയത്. ഇരുട്ടായതിനാല്‍ ആരെയും തനിക്ക് മനസിലായിരുന്നില്ല. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗംഗേശാനന്ദ പറഞ്ഞു.

‘ആ പെണ്‍കുട്ടിയും യുവാവും മാത്രം വിചാരിച്ചാല്‍ അത് ചെയ്യാന്‍ കഴിയില്ല. തനിക്കെതിരെ ആക്രമണം നടത്തിയതിനുപിന്നില്‍ വലിയൊരു സംഘത്തിന്റെ ഗൂഡാലോചനയുണ്ട്. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചട്ടമ്പിസ്വാമി ജന്മസ്ഥാനം ബി സന്ധ്യയും കുടുംബവും കയ്യടക്കിവച്ചിരിക്കുകയാണെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍. ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

2017 മെയ് 20 രാത്രിയിലാണ് കണ്ണമൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേരെ ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗംഗേശാന്ദയ്ക്കെതിരെ ബലാത്സംഗത്തിനടക്കം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും യുവതി തിരുത്തിപ്പറയുകയായിരുന്നു. താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പിന്നീട് യുവതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകള്‍. കേസിലെ ഉന്നത പൊലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങള്‍ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്ന് സ്വാമിയെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പദ്ധതി തയ്യാറാക്കുന്നതിനായി ഇരുവരും കൊല്ലത്തെ കടല്‍ത്തീരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

You might also like

-