ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ല നിയന്ത്രണമാവാം

ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി വിലയിരുത്തി

0

ഡൽഹി | ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി വിലയിരുത്തി. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.പി ജയന്ത് സിൻഹയുടെ നേത്യത്വത്തിലാണ് യോഗം ചേർന്നത്. അനൗദ്യോഗിക ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.

നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷയാണ് എല്ലാവരുടെയും ആശങ്കയെന്ന് പാനൽ മീറ്റിംഗിനിടെ എംപിമാർ അഭിപ്രായപ്പെട്ടു. ക്രിപ്‌റ്റോ കറൻസി നിയമവിധേയമാക്കിയ ഒരേ ഒരു രാജ്യം സാൽവഡോറാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ക്രിപ്‌റ്റോ കറൻസിയിൽ വിളിച്ചു ചേർക്കുന്ന ആദ്യ യോഗമായിരുന്നു ഇത്.ബിജെപി നേതാവും മുൻ ധനകാര്യ സഹമന്ത്രിയുമായിരുന്ന ജസ്വന്ത് സിൻഹയുടെ അദ്ധ്യക്ഷതയിലുള്ളതാണ് പാനൽ.

യോഗത്തിൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രതിനിധികൾ, ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ അസറ്റ്സ് കൗൺസിൽ (BACC), വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്‌റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന്റെ വളർച്ചയ്‌ക്കും ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലന്നാണ് കേന്ദ്രസർക്കാർ നിലപാട്.

അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുന്നതിനെതിരെ യോഗത്തിൽ ശക്തമായ അഭിപ്രായമുയർന്നിരുന്നു.ആർ.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തരമന്ത്രലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ക്രിപ്‌റ്റോ കറൻസിയും അനുബന്ധ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നത്

You might also like

-