നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

0

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്  നായരുടെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെയും സൂരജിന്റെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. മൂന്നു മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ തുടർന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് അടക്കം കണ്ടെത്താനായിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ബാലചന്ദ്ര കുമാറിന്റെ കയ്യിലുള്ള ശബ്ദരേഖ പരിശോധിച്ച ശേഷമാണ് ശരത്തിലേക്ക് അന്വേഷണമെത്തിയതെന്നും ശരത് സ്ഥലത്തില്ലെന്നും പരിശോധനക്ക് ശേഷം അന്വേഷണ സംഘം അറിയിച്ചു. അതേസമയം രണ്ടുദിവസമായി ശരത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു

കേസിലെ പ്രതിയായ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസിൽ സുരാജ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വീട്ടിലെ പരിശോധന.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഡാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാ‌ഞ്ച് എസ്പി മോഹന ചന്ദനാണ് അന്വേഷിക്കുനനത്. ഒന്നാം പ്രതിയായ നടൻ ദിലിപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയാണ് ക്രമിനിൽ ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളത്. ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചാണ് ഗൂഡാലോചന നടന്നതെന്നാണ് വിവരം.

അതേസമയംനടിയെ ആക്രമിച്ച കേസിൽ മാധ്യമവാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിൽ രഹസ്യവിചാരണ നടത്തണമെന്ന കോടതി ഉത്തരവ് ലംഘിക്കുന്നതാണ് മാധ്യമവാർത്തകളെന്നാണ് ദിലീപിന്‍റെ ആരോപണം. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം. രഹസ്യവിചാരണയുടെ മാർഗനിർദേശം ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി വേണം എന്നിങ്ങനെയാണ് ഹർജിയിലെ ആവശ്യം. സാക്ഷി വിസ്താരം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന കേസിൻറെ വിചാരണ അട്ടിമറിക്കാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയിലൂടെ പൊതുജന മധ്യത്തിൽ തന്നെ അവഹേളിക്കുകയാണെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. എന്നാൽ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചു. രാവിലെ കോടതിയിൽ 3 പേരുടെ പുനർവിസ്താരത്തിന് അനുമതി നൽകുന്നതായി ജസ്റ്റിസ് കൌസർ എടപ്പഗത്ത് അറിയിച്ചെങ്കിലും ഉത്തരവിൽ നിന്ന് ഇത് ഒഴിവാക്കി. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

You might also like

-