പശുവും രാമനും രക്ഷിച്ചില്ല ഹിന്ദി ബെൽറ്റിൽ തകർന്നടിഞ്ഞു ബി ജെപി കർഷരോക്ഷം ആളിക്കത്തി

നിയമസഭയ്ക്കുള്ളിലും പാര്‍ടിക്കുള്ളിലും പതിനഞ്ച് കൊല്ലമായി എതിരാളിയില്ലാത്ത മുഖ്യമന്ത്രിമാര്‍.വര്‍ഗിയത പരിപോക്ഷിപ്പിച്ച് ഓരോ തവണയും സീറ്റും, വോട്ട് ഷെയറും വര്‍ദ്ധിപ്പിച്ചു. ഇതിലാണിപ്പോള്‍ ഇളക്കമുണ്ടായത്. രാജസ്ഥാന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 65 ലോക്‌സഭാ സീറ്റുകളില്‍ 60ലും 2014ല്‍ വിജയിച്ചത് ബിജെപി. നിയമസഭാ ഫലം വിലയിരുത്തുമ്പോള്‍ ഇതില്‍ 40 സീറ്റുകളില്‍ ബിജെപി ഭൂരിപക്ഷം നഷ്ട്ടമായി.

0

പശുവും രാമനും രക്ഷിച്ചില്ല ഹിന്ദി ബെൽറ്റിൽ തകർന്നടിഞ്ഞ ബി ജെപി

ഡൽഹി :ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കോൺഗ്രസിന് നൽകുന്ന ഊർജ്ജം പകരുന്നതാണ് അഞ്ചുസംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം . ഹിന്ദി ബല്‍റ്റിലെ പരാജയത്തില്‍ ഞെട്ടി ബിജെപി. അയോധ്യയും പശുസംരക്ഷണവും ഉയര്‍ത്തിയ പ്രചാരണം ഗുണം ചെയ്തില്ല.രാജസ്ഥാനിലും,മധ്യപ്രദേശിലും, ചത്തീസ്ഗഡിലും കാര്‍ഷിക പ്രശ്‌നങ്ങളും സാമ്പത്തിക തകര്‍ച്ചയും ബിജെപിയുടെ അടിത്തറയിളക്കി.

രണ്ട് പതിറ്റാണ്ടായി ഹിന്ദി ബല്‍റ്റില്‍ തുടരുന്ന ആധിപത്യം നഷ്ട്ടമായി. രാജസ്ഥാനിലെ പരാജയം ബിജെപി പ്രതീക്ഷിച്ചതാണങ്കിലും മധ്യപ്രദേശ്, ചത്തീസ്ഗഡ് തിരിച്ചടികള്‍ കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടലില്‍ ഉണ്ടായിരുന്നതല്ല. ഗുജറാത്തില്‍ മോദി ഉണ്ടാക്കിയെടുത്തതിന് സമാനമായ സാമ്യാജ്യമാണ് ശിവരാജ്‌സിങ്ങ് ചൗഹാന്‍ മധ്യപ്രദേശിലും, രമണ്‍സിങ്ങ് ചത്തീസ്ഗഡിലും ഒരുക്കിയിയെടുത്ത്മോദി കര്‍ഷക വിരോധിയെന്ന് മുദ്രാവാക്യവുമായി പ്രചാരണം നടത്തിയ സിപിഐഎമ്മിന് രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ മുന്നേറ്റം ഉണ്ടാക്കാനായത് മോദി തരംഗത്തിന് തിരിച്ചടിയായി.ദേശീയരാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെൻഡ് ലോക്സഭയിലും തുടരുന്നതാണ് രാജസ്ഥാന്‍റേയും മധ്യപ്രദേശിന്‍റേയും ഛത്തീസ്ഗഡിന്‍റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവർത്തിക്കില്ലെന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞത് സെമി ഫൈനലാണ്. മോദി തരംഗം അസ്തമിക്കുന്നു. കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപി പ്രവർത്തിച്ചപ്പോൾ ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോൺഗ്രസ് തിരികെപ്പിടിച്ചു. കോൺഗ്രസിന് പോരാട്ടത്തിന് ബാല്യം ബാക്കിയാണ് എന്ന ശക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് വിജയം. ബിജെപി സ്വപ്നം കാണുന്ന ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് വിജയത്തിനും മൃഗീയ ആധിപത്യത്തിനും ഏതായാലും ഇന്ത്യൻ ജനാധിപത്യത്തിൽ തൽക്കാലം സാധ്യതയില്ല. വിശാല സഖ്യം കോൺഗ്രസിന് ചുറ്റും ചിറകുവിരിക്കുക കൂടി ചെയ്താൽ വർദ്ധിത വീര്യത്തോടെ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയും.

ഈ തിരിച്ചടി ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസത്തിന് ചെറുതല്ലാത്ത പരിക്കേൽപ്പിക്കും. അടുത്ത മൂന്നു മാസം ബ്യൂറോക്രസിയിൽ നിന്ന് വലിയ സഹകരണം പ്രതീക്ഷിക്കേണ്ടതില്ല. പാർലമെന്‍റിൽ പ്രധാനബില്ലുകൾ പാസ്സാക്കാൻ ചെറുപാർട്ടികളെ കിട്ടില്ല. രാഹുലിന്‍റെ സ്വാധീനം പാർട്ടിയിലും പുറത്തും ഉയരും. ഇനി കോൺഗ്രസിന് റഫാൽ ആരോപണം സജീവമായി മുന്നോട്ടു കൊണ്ടുപോകാം. ജിഎസ്ടിയും നോട്ട് നിരോധനവും ഉണ്ടാക്കിയ തിരിച്ചടികൾ, കാർഷികമേഖലയുടെ തകർച്ച, പിന്നാക്ക ജാതികളുടെ അസംതൃപ്തി, കർഷകരോഷം, ഇന്ധനവില വർദ്ധന, കോർപ്പറേറ്റ് പ്രീണനം, സമ്പദ്‍വ്യവസ്ഥയിലെ പിന്നോട്ടടികൾ, ഒടുവിൽ വന്ന വാർത്തയായ റിസർവ് ബാങ്ക് ഗവർണറുടെ രാജി ഇവയെല്ലാം സ്വാഭാവികമായും കോൺഗ്രസ് പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പോർമുനകളാക്കും.

അതേസമയം വാധ്രയ്ക്കെതിരായ റെയ്ഡുകൾ പോലെ ആക്രമണ ശൈലി മോദി-ഷാ നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിക്കാം. രാമ ജൻമഭൂമിക്കായുള്ള അവകാശവാദം കൂടുതൽ തീവ്രമായ ഭാഷയിൽ ഉന്നയിക്കപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധി മാത്രമല്ല, യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്ക് അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ആന്ധ്രയിലെ എൻഡിഎ സഖ്യത്തെ തകർക്കാനും കോൺഗ്രസിനായി. പ്രാദേശിക സഖ്യങ്ങളെ പിളർത്താനും ഒപ്പം കൂട്ടാനും പ്രത്യേക സംസ്ഥാന പദവി പോലെയുള്ള കാർഡുകൾ ബിജെപി വീണ്ടും പുറത്തെടുത്തേക്കും.

തീവ്രഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് രാമക്ഷേത്ര നിർമ്മാണത്തെ ഒരിക്കൽക്കൂടി പ്രശ്നവൽക്കരിച്ച് സംഘപരിവാർ തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന സമയത്താണ് രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് നിർണ്ണായക സ്വാധീനമാകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടിരുന്ന രാഹുൽ ഗാന്ധി, നരേന്ദ്രമോദിയോട് നേർക്കുനേർ പൊരുതാൻ കെൽപ്പുള്ള നേതാവായി ശരീരഭാഷയിലും മാറുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ ഗാന്ധി വലിയ തോതിൽ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു.

പട്ടേൽ വോട്ടുകൾ ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ വികാരം മുതലാക്കി വോട്ടുറപ്പിക്കാൻ രാഹുൽ നടത്തിയ ശ്രമങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെങ്കിലും ഭരണവിരുദ്ധ വികാരം അതിനെ പൂരിപ്പിച്ചു. എന്നാൽ ബിജെപിക്ക് എതിരായ ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന സംസ്ഥാനങ്ങളിൽ പോലും വലിയ നേട്ടം ഉണ്ടാക്കാൻ നേതൃപരവും സംഘടനാപരവുമായ ദൗർബല്യങ്ങൾ കാരണം കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസിനെ അപേക്ഷിച്ച് കൂടുതൽ തികവുറ്റ സംഘടനാ സവിധാനം ബിജെപിക്ക് തന്നെയാണ്.

2019-ൽ ‘രാഹുകാലം’ തുടങ്ങുമോ?

മഹാരാഷ്ട്രയിൽ ലക്ഷക്കണക്കിന് കർഷകരെ സിപിഎം സംഘടനയായ കിസാൻ സഭ സമരസജ്ജരാക്കിയ മാതൃകയിൽ കർഷകർക്കും സാധാരണക്കാർക്കും ഇടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനാണ് രാഹുൽ ഗാന്ധി പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിർണ്ണായക സമയങ്ങളിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാവ് എന്ന ദുഷ്പേരുള്ള കോൺഗ്രസ് പ്രസിഡന്‍റ് ഇതേ പോരാട്ടവീര്യം തുടർന്നാൽ, കൂടുതൽ പ്രാദേശിക കക്ഷികളെ കൂടെ കൂട്ടാനായാൽ, ന്യൂനപക്ഷങ്ങളുടെ അടക്കം വിശ്വാസം തിരിച്ചുപിടിച്ചാൽ, ശക്തമായ ഒരു രണ്ടാം നിര അടുത്ത രണ്ടുമൂന്ന് മാസത്തിനകം കോൺഗ്രസിൽ സജ്ജമായാൽ, അധികാരത്തിലേക്കുള്ള തിരിച്ചുവരവ് കോൺഗ്രസിന് ഒരു വിദൂരലക്ഷ്യമല്ല.

നഗര കേന്ദ്രീകൃത വോട്ടുകൾക്കായുള്ള നയസമീപനങ്ങളും പ്രചാരണ പരിപാടികളുമാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നുകൂടി ശ്രദ്ധിക്കണം. കാർഷിക പ്രതിസന്ധിയേയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന കർഷകസമരങ്ങളേയും കോൺഗ്രസ് എങ്ങനെ അഭിമുഖീകരിക്കുന്നു എന്നാണ് കാത്തിരുന്നു കാണേണ്ടത്. എൻഡിഎക്കും യുപിഎക്കും എതിരായ മൂന്നാം ബദൽ സഖ്യ ആലോചനങ്ങളും സജീവമാകുന്നു. എന്തുകൊണ്ടും സമീപകാല ഇന്ത്യൻ ചരിത്രത്തിലെ സവിശേഷമായൊരു രാഷ്ട്രീയ സ്ഥിതിവിശേഷത്തിന്‍റെ കാലത്താണ് രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

You might also like

-