പ്രളയദുരന്തനിവാരണത്തിൽ പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിച്ച ഒരുമയുടെ സംസ്‌കാരം കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

0

തിരുവനന്തപുരം : മഹാദുരന്തത്തെ മഹാപ്രയത്‌നത്തിലൂടെ അതിജീവിച്ച നാടെന്ന് കേരളത്തെ ലോകം വാഴ്ത്തുമെന്നും ഈ അതിജീവനത്തിന് സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിച്ച ഒരുമയുടെ സംസ്‌കാരം കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയക്കെടുതികളിൽ ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് നാട്ടിലുണ്ടായത്. വെള്ളം ഇറങ്ങിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി ശരിയായ രീതിയിൽ മനസ്സിലാകുന്നത്. ഈ ദുരന്തം നാടിനും ലോകത്തിനും കുറെ പാഠങ്ങൾ നൽകുന്നുണ്ട്. ജനങ്ങളും ഭരണ സംവിധാനവും ഒരുമിച്ചുനിന്നാൽ ഏതു പ്രതിസന്ധിയും എളുപ്പം തരണം ചെയ്യാം എന്നതാണ് അതിൽ പ്രധാനം. ദുരന്തത്തെ നേരിടാൻ ഇറങ്ങിപ്രവർത്തിച്ചവരെല്ലാം ആത്മാർത്ഥതയോടെയും പരസ്പര വിശ്വാസത്തോടെയുമാണ് പ്രവർത്തിച്ചത്. അതിൻരെ ഭാഗമായി രൂപംകൊണ്ട കൂട്ടായ്മയാണ് അതിജീവനത്തിന് സഹായിച്ചത്. പതിനാലു ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടാവുകയെന്നത് അമ്പരപ്പുളവാക്കുന്നതാണ്. എങ്കിലും ഭരണസംവിധാനത്തിന് നല്ല ആസൂത്രണത്തോടെ ഇടപെടാൻ കഴിഞ്ഞു. വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനമുണ്ടായി. വില്ലേജ് അസിസ്റ്റന്റ് മുതൽ ചീഫ് സെക്രട്ടറി വരെ എല്ലാ തലങ്ങളിലും നല്ല രീതിയിലുള്ള ഏകോപനമുണ്ടായി. നാടാകെ പ്രളയത്തിൽ മുങ്ങി നിൽക്കുന്ന സമയത്ത് ഇതിനെഎങ്ങനെ നേരിടുമെന്ന അമ്പരപ്പ് സ്വാഭാവികമാണ്. ആ ഘട്ടത്തിൽ ബന്ധപ്പെട്ടവർ കാണിച്ച മനസ്ഥൈര്യം രക്ഷാപ്രവർത്തനത്തെ മികവുറ്റതാക്കി. ഇതിനു ചുക്കാൻ പിടിച്ച എല്ലാവരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്ന് എല്ലാ രീതിയിലുള്ള പ്രശംസയ്ക്കും എല്ലാവരും അർഹരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിൽ മാത്രമായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ശാരിരീരിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുകളനുഭവിച്ചവർ പോലും അതെല്ലാം അവഗണിച്ച് ഉറക്കം പോലുമുപേക്ഷിച്ച് രാപകൽ പ്രവർത്തിച്ചു. ഈ ഘട്ടത്തിൽ ചില വിവാദങ്ങളുയർന്നുവെങ്കിലും അവയ്ക്കു പിന്നാലെ പോകാൻ നമുക്കായില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിൽ മാത്രമായിരുന്നു നമ്മുടെ ശ്രദ്ധ. അതുകൊണ്ടാണ് രക്ഷാപ്രവർത്തനത്തെ രാജ്യവും ലോകവും പ്രശംസയോടെ നോക്കിക്കണ്ടത്. യുനിസെഫ് പോലുള്ള അന്താരാഷ്ട്ര ഏജൻസികളുടെ പ്രശംസ എല്ലാവർക്കും കിട്ടിയ അഭിനന്ദനമാണ്. ഇനിയുള്ളത് പുനരധിവാസ, പുനർനിർമാണ ഘട്ടങ്ങളാണ്. ഇത് വിജയകരമായി പൂർത്തീകരിക്കുന്നതിനും കൂട്ടായ്മയും പരസ്പര സഹകരണവും അനിവാര്യമാണ്. സമയം നഷ്ടപ്പെടുത്താതെ അതിവേഗതയിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ എല്ലാ വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് കാണുന്നത്. സമർത്ഥമായ പ്രവർത്തനങ്ങളിലൂടെ ആ ചുമതല നിർവഹിക്കാൻ എല്ലാവർക്കും കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. പ്രളയത്തിനുമുമ്പുള്ള നാട് വീണ്ടും നിർമിക്കുകയല്ല, കൂടുതൽ ഉയർന്ന തലത്തിലേക്ക് നാടിനെ പുനർനിർമിക്കുകയാണ് വേണ്ടത്. അതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നാടിനെ ലോകനിലവാരത്തിൽ ഉയർത്തിയെടുക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെയടക്കം സഹായം തേടി മുന്നോട്ടുപോകും. പുനർനിർമാണത്തിൽ പാർട്ണർ കൺസൾട്ടന്റായി കെ.ടി.എം.ജിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സൗജന്യമായി ലഭിക്കുന്ന സഹായമാണ്. ഇത്തരത്തിൽ സഹായം നൽകാൻ സന്നദ്ധരായ വിവിധ ഏജൻസികളുണ്ടാവാം. ്അവരുടെ സഹകരണം ഉറപ്പാക്കണം. അവരുടെ സഹായത്തോടെ മികവുറ്റത് കണ്ടെത്തണം. ഖജനാവിന്റെ അവസ്ഥ എല്ലാവർക്കുമറിയാം. നാടിന് വലിയ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. നാടിന് പൊതുവിൽ സാമ്പത്തിക ദൗർബല്യമുണ്ടെങ്കിലും പുറത്ത് സാമ്പത്തികമികവുള്ളവരുണ്ട്. ഒത്തുപിടിച്ചാൽ അവരിൽനിന്ന് വലിയ സഹായങ്ങൾ നമുക്ക് ലഭിക്കും. ദുരന്തം വിലയിരുത്താൻ എത്തിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചത് ഏറെ സഹാനുഭൂതിയോടെയാണ്. കേന്ദ്ര സഹായത്തിന്റെ കാര്യത്തിൽ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ആവശ്യമുള്ള തുക മുഴുവൻ അനുവദിക്കാൻ കേന്ദ്രസർക്കാരിന് സാധ്യമല്ല. നാം ആവശ്യപ്പെട്ടത് ദുരന്തത്തിന്റെ നഷ്ടപരിഹാരവുമല്ല, സ്‌പെഷ്യൽ പാക്കേജാണ്. എങ്കിലും അതിന് പരിമിതിയുണ്ട്. വിഭവസമാഹരണം നാം തന്നെ നടത്തണം. നഴ്‌സറിക്ലാസുകളിലെ കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുള്ളവർ അവരുടെ കഴിവിനപ്പുറമുള്ള സഹായങ്ങൾ ചെയ്യുകയാണ്. ലോകത്തുള്ള പല രാജ്യങ്ങളും മലയാളികളെ കണ്ടു പരിചയിച്ചവരും നമ്മുടെ നാടിനെ സ്‌നേഹിക്കുന്നവരുമാണ്. അവരും നമ്മെ സഹായിക്കും. ആപത്ഘട്ടത്തിൽ സഹായിക്കുന്നവരോട് സഹായം ആവശ്യമില്ല എന്ന നിലപാട് ആരും സ്വീകരിക്കില്ല. വിഭവസമാഹരണത്തിൽ എല്ലാവരുടെയും പിന്തുണ പ്രയോജനപ്പെടുത്തണം. ജനങ്ങളിലാണ് വിശ്വാസം അർപ്പിക്കേണ്ടത്. ജനങ്ങൾ നമ്മിലും വിശ്വാസം അർപ്പിക്കും. തകർന്നുപോയ ഗ്രാമങ്ങളെ ദത്തെടുക്കാൻ തയ്യാറായ ധാരാളം പ്രസ്ഥാനങ്ങളുണ്ട്. ഇവരുടെയെല്ലാം വാഗ്ദാനങ്ങൾ ക്രോഡീകരിച്ചാൽ നമ്മുടെ ഗ്രാമങ്ങളെയും സ്‌കൂളുകളെയും തകർന്നുപോയ മറ്റു സംവിധാനങ്ങളെയും മികവുറ്റ രീതിയിൽ പുനർനിർമ്മിക്കാം. ഇതിനായി തകർന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം ഗ്രാമം തിരിച്ച് എടുക്കണം. ഏതു വില്ലേജിലാണ് ഇതെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയണം. കൃത്യമായ വിവരശേഖരണത്തിന് കാലതാമസം ഉണ്ടാകരുത്. ചെറുതും വലുതുമായ എല്ലാ സഹായങ്ങളെയും ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ എളുപ്പം പുനർനിർമ്മിക്കാനാകും. കൃത്യമായ ആസൂത്രണത്തിലൂടെ നമുക്ക് ഇതിന് കഴിയണം. സമയബന്ധിതമായി ഓരോ കാര്യവും തീർക്കണം. തകർന്നവയുടെ കണക്കുകൾ കൃത്യമായിരിക്കണം. ദുരന്തത്തിന്റെ ഘട്ടത്തിൽ ഒരു നിമിഷം പോലും ആരും പാഴാക്കിയിട്ടില്ല. ആ ഘട്ടത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിവിധ വകുപ്പുകകളുടെ ഉന്നതാധികാരികളുമായി അവലോകന യോഗങ്ങൾ നടന്നു. അവലോകന യോഗങ്ങളിൽ ഉദ്യോഗസ്ഥർ പങ്കുവച്ച പല നിർദ്ദേശങ്ങളും ദുരന്തം നേരിടാനുള്ള ശക്തമായ ഇടപെടലുകളായിരുന്നു. ഈ കൂട്ടായ്മയും കൃത്യമായ ആസൂത്രണവുമാണ് ആഘാതത്തിന്റെ തീവ്രത കുറച്ചത്. സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂം വാർ റൂം പോലെ 24 മണിക്കൂറും പ്രവർത്തിച്ചു. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ടവരും നല്ലനിലയിൽ പ്രവർത്തിച്ചു. കേന്ദ്രസേനകൾ വന്നപ്പോഴുള്ള ഏകോപനവും മികച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുകളുമൊക്കെ ദുരന്തസ്ഥലങ്ങളിൽ സമയത്തെത്തിക്കാനും ഉദ്യോഗസ്ഥർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ കൂട്ടായ്മ തുടരണം. നാടിനോട് പ്രതിബദ്ധതയോടെ തുടർന്നും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിന്റെ കരുത്താണ് എല്ലാ വിജയങ്ങളുടേയും അടിസ്ഥാനമായതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേരള ചരിത്രത്തിൽ ഒരു സർക്കാരിനും നേരിടേണ്ടി വരാത്തതരത്തിലുള്ള ദുരന്തത്തെയാണ് ഈ സർക്കാർ ഫലപ്രദമായി നേരിട്ടത്. ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ അവരെ കൈപിടിച്ചുയർത്താനും കേരളത്തെ പുനർനിർമ്മിക്കാനുമുള്ള വലിയ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ട്. പതിനായിരത്തിലേറെ വീടുകൾ പുതുതായി നിർമ്മിച്ചുനൽകുകയും മറ്റ് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയും വേണം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശ്രമില്ലാതെ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ പ്രത്യേക യോഗം വിളിച്ചു ചേർത്ത മുഖ്യമന്ത്രിയുടെ നടപടി ഉദ്യോഗസ്ഥർക്കെല്ലാം പ്രചോദനം നൽകുന്നതാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വിവിധ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു

You might also like

-