“തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു”. പിണറായി വിജയൻ

0

തിരുവനന്തപുരം | കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ കർഷക സമരങ്ങളിൽ പങ്കെടുത്ത കർഷകരെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ
ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു. മുഖ്യമന്ത്രി ഫേസ് ബ്ലോക്കിൽ കുറിച്ചു.

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രത്തിന് മട്ട് മടക്കേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. ഉജ്വലമായ ജനാധിപത്യ പ്രക്ഷോപത്തിന്റെ വിജയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.

കർഷക സമരം നാൾ വഴികളിലൂടെ …

സെപ്തംബര്‍ 14: 2020 പുതിയ കാര്‍ഷിക നിയമങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
സെപ്തംബര്‍ 17: ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായി
സെപ്തംബര്‍ 24: വോയിസ് നോട്ടായി ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പാസായി
സെപ്തംബര്‍ 24: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ ആദ്യ പ്രതിഷേധം. മൂന്ന് ദിവസം റെയില്‍ ട്രാക്ക് തടഞ്ഞുകൊണ്ട് പ്രതിഷേധിക്കുമെന്ന് പഞ്ചാബില്‍ കര്‍ഷകരുടെ പ്രഖ്യാപനം.
സെപ്തംബര്‍ 25: ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവുകളിലേക്ക്
സെപ്തംബര്‍ 27: മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. വിജ്ഞാപനത്തിലൂടെ ബില്ലുകള്‍ നിയമമായി.
നവംബര്‍ 3: നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ ദേശവ്യാപക പ്രതിഷേധം.
നവംബര്‍ 25: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സംയുക്ത കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപക പ്രതിഷേധം ആരംഭിക്കുന്നു. ഡല്‍ഹിയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് കിസാന്‍ യൂണിയന്റെ പ്രഖ്യാപനം. എന്നാൽ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു.
നവംബര്‍ 26: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ സമരം നടത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് നേരിട്ടു. തുടര്‍ന്ന് സമാധാനപരമായി പ്രതിഷേധിക്കുമെന്ന നിബന്ധനയ്ക്ക് മേല്‍ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. നിരങ്കാരി മൈതാനത്ത് കര്‍ഷകര്‍ തമ്പടിച്ചു.
നവംബര്‍ 28: പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. കര്‍ഷകരുടെ പ്രതിഷേധ സ്ഥലം ബുരാരിയിലേക്ക് മാറ്റണമെന്ന നിബന്ധനയും ആഭ്യന്തരമന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍ കര്‍ഷകര്‍ ഈ വാഗ്ദാനം നിരസിച്ചു. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തണമെന്ന് ആവശ്യവും മുന്നോട്ടുവെച്ചു.
നവംബര്‍ 29: കാര്‍ഷിക പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രി മോദി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങള്‍ നിറവേറ്റിയത് തന്റെ സര്‍ക്കാരാണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഡിസംബര്‍ 3: പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ചര്‍ച്ച. എന്നാല്‍ പരിഹാരമാവാതെ പിരിഞ്ഞു.
ഡിസംബര്‍ 5: കര്‍ഷകരുമായി സര്‍ക്കാരിന്റെ രണ്ടാം ഘട്ട ചര്‍ച്ച. പരിഹാരങ്ങളില്ല.
ഡിസംബര്‍ 8: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
ഡിസംബര്‍ 9: കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാണെന്ന കേന്ദ്രവാഗ്ദാനത്തിനെതിരേ കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍.
ഡിസംബര്‍ 11: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയിലേക്ക്
ഡിസംബര്‍ 16: വിവാദ കാര്‍ഷക നിയമങ്ങള്‍ പരിശോധിക്കാന്‍ പാനല്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതി.
ഡിസംബര്‍ 21: സമരസ്ഥലത്ത് നിരാഹാരം കിടന്ന് കര്‍ഷകപ്രതിഷേധം.
ഡിസംബര്‍ 30: കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കര്‍ഷക പ്രതിനിധികളും കേന്ദ്രവും തമ്മില്‍ ആറാം വട്ട ചര്‍ച്ചകള്‍. കര്‍ഷകര്‍ മുന്നോട്ടുവെച്ച ഏതാനും ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു.
ജനുവരി 4 2021: കര്‍ഷകരുമായി ഏഴാം വട്ട ചര്‍ച്ചകള്‍. പരിഹാരമാവാതെ പിരിഞ്ഞു.
ജനുവരി 11: കര്‍ഷക പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. തര്‍ക്കം പരിഹരിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
ജനുവരി 12: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്‌റ്റേ.
ജനുവരി 26 റിപ്പബ്ലിക് ദിനം: ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. സമരത്തിനിടെ പോലീസുമായി ഏറ്റമുട്ടല്‍. ലാത്തിയും ബാരിക്കേഡും ജലപീരങ്കികളും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പ്രതിഷേധം നേരിട്ട് പോലീസ്. കര്‍ഷകര്‍ക്കും പോലീസുകാര്‍ക്കും പരിക്ക്. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ചെങ്കോട്ടയുടെ കമാനത്തിന് മുകളില് നിഷാന്‍ സാഹിബ് പതാക പതിച്ചു.
ജനുവരി 28: ഗാസിപ്പുരിലും ഗാസിയാബാദിലും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ രാത്രിക്കുള്ളില്‍ സമരസ്ഥലം ഒഴിയണമെന്ന് അധികൃതരുടെ നിര്‍ദേശം. പോവില്ലെന്ന് കര്‍ഷകര്‍.
ഫെബ്രുവരി 3: കര്‍ഷകപ്രതിഷേധത്തെ പിന്തുണച്ചവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പരാമര്‍ശം. പോപ് താരം റിഹാന്ന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂന്‍ബെ, യു.എസ് വൈസ് പ്രസിഡന്റ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 5: കര്‍ഷകരെ പിന്തുണച്ച് ഗ്രെറ്റയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ ടൂള്‍കിറ്റ് കാമ്പിയിനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു.
ഫെബ്രുവരി 6: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കര്‍ഷകര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും ഗതാഗതം സ്തംഭിച്ചു.
ഫെബ്രുവരി 18: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ റെയില്‍ തടയല്‍ പ്രക്ഷോഭം. നിരധി ട്രെയിനുകള്‍ സര്‍വീസ് തുടരാനാവാതെ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
മാര്‍ച്ച് 2: പഞ്ചാബ് നിയമസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ ശ്രമിച്ച അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം.
മാര്‍ച്ച് 5: കര്‍ഷകരുടെയും പഞ്ചാബിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് കാര്‍ഷിക നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്നും എംഎസ്പി അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന നിലവിലുള്ള സമ്പ്രദായം തുടരണമെന്നും കാണിച്ച് പഞ്ചാബ് വിധാന്‍ സഭ പ്രമേയം പാസാക്കി.
മാര്‍ച്ച് 6: ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക്
മാര്‍ച്ച് 8: കര്‍ഷകരും പോലീസും തമ്മില്‍ സിംഗുവില്‍ സംഘര്‍ഷം. വെടിവെപ്പ് നടന്നു. ആര്‍ക്കും പരിക്കില്ല.
ഏപ്രില്‍ 15: പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഹരിയാന ഉപമുഖ്യമന്ത്രിയുടെ കത്ത്.
മെയ് 27: കര്‍ഷക പ്രക്ഷോഭത്തിന്റെ ആറാം മാസം പൂര്‍ത്തിയായി. കരിദിനം ആചരിച്ച് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരങ്ങള്‍ തുടരുമെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍.
ജൂണ്‍ 5: കര്‍ഷ പ്രതിഷേധം ഒരു വര്‍ഷം പൂര്‍ത്തിയായി. ക്രാന്തികാരി ദിവസം ആചരിച്ച് കര്‍ഷകര്‍.
ജൂണ്‍ 26: കര്‍ഷക പ്രതിഷേധത്തിന്റെ ഏഴാം മാസം.
ജൂലായ്: പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് സമാന്തരമായി കിസാന്‍ പാര്‍ലമെന്റ് ആരംഭിച്ച് കര്‍ഷകര്‍. പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികളും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ട്രാക്ടറില്‍ കര്‍ഷകരെ കാണാനെത്തി. പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകസമരം സ്ഥിരമായ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നു. നിരവധി തവണ സമ്മേളനം തടസ്സപ്പെട്ടു.
ഒക്ടോബര്‍ 3 ലഖിംപുരിലെ ടിക്കോണിയയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനമിടിച്ചുകയറ്റി. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റിയ കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉള്‍പ്പെടെ പത്തുപേര്‍ പിന്നീട് അറസ്റ്റിലായി.
ഓഗസ്ത് 27: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 14 പ്രതിനിധികള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി.
ഓഗസ്ത് 28: കര്‍ണാലില്‍ ബിജെപി യോഗത്തിനെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരേ പോലീസ് അതിക്രമം.
സെപ്തംബര്‍ 25: കേന്ദ്രത്തിനെതിരേയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുമുള്ള പ്രതിഷേധം തുടരണമെന്ന് പ്രഖ്യാപിച്ച് മുസാഫര്‍നഗറില്‍ കര്‍ഷകരുടെ വന്‍ശക്തിപ്രകടന സമരം.
ഒക്ടോബര്‍ 22: കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പേരില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോയിഡ സ്വദേശിയായ മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനെതിരല്ലെന്ന് പറഞ്ഞ കോടതി സമരക്കാര്‍ക്ക് അനിശ്ചിതമായി പൊതുവഴികള്‍ തടയാനാവില്ലെന്നും വ്യക്തമാക്കി.
ഒക്ടോബര്‍ 29: ഗാസിപുര്‍, തിക്രി അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ പോലീസ് എടുത്തുമാറ്റിത്തുടങ്ങി.
നവംബര്‍ 19: വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം.
നവംബര്‍ 26 :ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ 26 ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വമ്പിച്ച മഹാപഞ്ചായത്തുകള്‍ക്ക് എസ്‌കെഎം ആഹ്വാനം ചെയ്തിരുന്നു. അന്ന് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഒത്തുകൂടുമെന്നായിരുന്നു തീരുമാനം.

നവംബര്‍ :29 മുതല്‍ ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ എല്ലാ ദിവസവും 500 കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് സമാധാനപരമായ ട്രാക്ടര്‍ മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു

You might also like

-