പ്രളയ കെടുത്തി ഇപ്പോഴത്തെ കണക്കുകൾ പ്രാഥമികം, നഷ്ടങ്ങളുടെ വ്യാപ്തി കൂടും : പിണറായി വിജയന്‍

നഷ്ടങ്ങൾക്ക് തക്ക ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും, ഇതിനായി ചീഫ് സെക്രട്ടറി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തു

0

തിരുവനതപുരം പ്രളയക്കെടുതിയിലുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തി വളരെ കൂടുതലാണെന്നും നഷ്ട്ടങ്ങളുടെ കണക്കുകൾ ഇതുവരെ പൂര്‍ണമായും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ എത്രയോ വലുതാണ് നഷ്ടമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . നഷ്ടങ്ങൾക്ക് തക്ക ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും, ഇതിനായി ചീഫ് സെക്രട്ടറി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും, പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉറപ്പ് വരുത്തുമെന്നും ഇതിനായി ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലസ്രോ്തസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും, ജലജന്യ രോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും, ഇതിനായി ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത മുഖത്തെ പൊലീസിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകാപരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്, പുനരധിവാസ പ്രവര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവരെയും, സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ നല്‍കിയ പിന്തുണയേയും അദ്ദേഹം അഭിനന്ദിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളുടെ സഹായം നല്ലതോതില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ തന്നെ ലഭിക്കുന്നതുള്‍പ്പെടെ ഇതിനെ വ്യവസ്ഥാപിത നിലയിലാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളുടെ പുനര്‍നിര്‍മാണം: നഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

 

പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തി വിവരശേഖരണം നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ദുരന്തത്തിന്റെ പ്രഹരമേറ്റ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയുള്ള നടപടികള്‍ ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും കമ്പ്യൂട്ടറധിഷ്ഠിതമായി വേഗത്തില്‍ പൂര്‍ത്തീകരിക്കാവുന്ന മൊബൈല്‍ ആപ്പ് സംവിധാനം ഇതിനായി ക്രമപ്പെടുത്തിയിട്ടുണ്ട്. വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് ദുരന്തബാധിതമായ എല്ലാ വീടുകളുടെയും  നിലവിലുള്ള സ്ഥിതി ഫോട്ടോഗ്രാഫ് അടക്കം രേഖപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സഹായവും പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും നല്‍കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്‌സ് ലിമിറ്റഡ് ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്റെ ഒരു മാസത്തെ ഓണറേറിയവും, മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

You might also like

-