ഡോളർ കടത്ത് കേസിൽ കുറ്റപത്രം എം.ശിവശങ്കർ ആറാം പ്രതി

ഖാലിദ് അലി ഷൗക്രിക്കും ശിവശങ്കറിനും പുറമേ, സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണ് മറ്റ് പ്രതികൾ സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

0

കൊച്ചി| ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആറാം പ്രതി. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി.യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ കിട്ടിയ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്ത് കടത്തിയെന്ന കേസിലാണ് കസ്റ്റംസ് കുറ്റപത്രം നൽകിയത്.

ഖാലിദ് അലി ഷൗക്രിക്കും ശിവശങ്കറിനും പുറമേ, സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണ് മറ്റ് പ്രതികൾ സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ, അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വപ്നക്ക് ചോർത്തി നൽകിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്. ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴ ഇടപാടും ഡോളറിലേക്കുള്ള മാറ്റവും ശിവശങ്കർ അറിഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ യുണിടാക്ക് കമ്പനിക്ക് കിട്ടാൻ ശിവശങ്കർ ഇടപെട്ടു. അന്വേഷണത്തിൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി ശിവശങ്കറിനുള്ള കമ്മീഷനായിരുന്നു തുടങ്ങിയവയാണ് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ കേസിൽ രണ്ട് വർഷമാകുമ്പോഴാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കുന്നത്.l

You might also like

-