സാങ്കേതിക തകരാര്‍; വിക്ഷേപണത്തിന് 56 മിനുട്ട്ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു

വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം മാറ്റിവച്ചത്

0

ശ്രീഹരിക്കോട്ട:ശാത്ര ലോകം കാത്തിരുന്ന ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തിവച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയക്കുന്നതുൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ലക്ഷ്യം വച്ചിരുന്നത്.

ഐ എസ് ർആർ ഓ വാർത്താക്കുറിപ്പ് 

A technical snag was observed in launch vehicle system at 1 hour before the launch. As a measure of abundant precaution, launch has been called off for today. Revised launch date will be announced later.

ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസും റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റില്‍ നിറച്ചിരിക്കുന്ന ക്രയോജനിക് ഇന്ധനം പൂര്‍ണമായും മാറ്റിയ ശേഷമെ പിഴവ് പരിഹരിക്കാന്‍ സാധിക്കൂ. ഇതിന് പത്ത് ദിവസത്തോളം വേണ്ടി വരും. അതിനു ശേഷം വിക്ഷേപണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 2:51 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 3,850 കിലോ ഭാരമുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56:24 മിനിട്ട് ശേഷിക്കെയാണ് സാങ്കേതിക പിഴവ് കണ്ടെത്തിയതും കൗണ്ട് ഡൗണ്‍ നിർത്തിവച്ചതും. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചെന്ന അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്.

2019 ജനുവരിയില്‍ ചന്ദ്രയാൻ 2 വിക്ഷേപിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദൗത്യം നീട്ടിവച്ചു. പിന്നീട് ഏപ്രിലില്‍ വിക്ഷേപണം തീരുമാനിച്ചെങ്കിലും ലാന്‍ഡറില്‍ തകരാര്‍ കണ്ടെത്തി. ഇതു പരിഹരിച്ച ശേഷമാണ് ജൂലൈയില്‍ വിക്ഷേപണ തീയതി തീരുമാനിച്ചത്. തിങ്കളാഴ്ചത്തെ വിക്ഷേപണം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാമെന്നായിരുന്നു ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍.

You might also like

-