പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ

കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്.

0

തിരുവനന്തപുരം :പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയിൽ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്ന ബജറ്റ് .തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് അവസാന ബജറ്റിൽ സാധ്യതയേറുന്നത്.

കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പാക്കേജ്. ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ൻ.സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനിടയുള്ളതിനാൽ കുട്ടികൾക്കു സൗജന്യ ഇന്‍റര്‍നെറ്റ് കുറ്റമറ്റ ഇ-ഗവേണൻസ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയിൽ വർധന ഒഴിവാക്കുമെന്നാണു സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും നാളെ ഐസക് നിയമസഭയിൽ തുറക്കുക.

വീട്ടമ്മമാർക്ക് വരുമാനം എത്തിക്കുന്ന പദ്ധതിയാണ് ഹൈലൈറ്റ് എന്ന് തോമസ് ഐസക്ക് പറയുന്നു. എന്നാൽ പദ്ധതിയെന്ത് എന്നതിൽ ഇപ്പോഴും അവ്യക്തത. കൊവിഡ് മുക്തി വരെ താത്കാലികമായ ക്ഷേമ പ്രവർത്തനം തുടരുമെന്ന് പറയുമ്പോൾ ഈ സർക്കാർ ഇറങ്ങും വരെ സൗജന്യകിറ്റ് ഉറപ്പിക്കാം. എത്രപണം ചെലവഴിച്ചാലും കൊവിഡ് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്നാണ് സർക്കാറിന്‍റെ ഉറപ്പ്
കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമാമേഖലയെ രക്ഷിക്കാൻ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്‍റെ കാലാവധി നീട്ടിയേക്കും. കേരളത്തെ എജ്യുക്കേഷൻ ഡെസ്റ്റിനേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഉന്നത വിദ്യഭ്യാസ മോഖലയിൽ പ്രഖ്യാപിച്ചേക്കും.

കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ്, കെ-സ്വിഫ്റ്റ് പദ്ധതികൾ നടപ്പാക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്. വിഴിഞ്ഞം, കോവളം-ബേക്കൽ, ഉൾനാടൻ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടർ മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഐസക്കിന്‍റെ കണക്കൂകൂട്ടലുകളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ക്ഷേമ പെൻഷൻ തുക ഉയർത്തുമെന്നാണ് സർക്കാർ നൽകുന്ന സൂചന. കാർഷിക രംഗത്ത് മാത്രമാണ് നേരിയ തോതിലെങ്കിലും മേൽഗതിയുള്ളത്. ടൂറിസം, പരമ്പരാഗത വ്യവസായം എന്നിവയുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതികളും സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ പ്രധാനം.

You might also like

-