തിയേറ്ററുകൾ 25 ന് തുറക്കാം ,പ്രവേശനം പകുതി സീറ്റുകളിൽ മാത്രം

25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.

0

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.

വിനോദ നികുതിയിൽ ഇളവ് നൽകണം, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. ഇക്കാര്യങ്ങളിലടക്കം ചില ആശയക്കുഴപ്പങ്ങൾ ഉണ്ടെങ്കിലും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് തിയേറ്ററുകൾ തുറക്കാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനമെടുത്തത്.

ആറ് മാസത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. പ്രേക്ഷകർക്കും, സിനിമകൾ പെട്ടിയിലാക്കി കാത്തിരിക്കുന്ന സിനിമാ പ്രവർത്തകർക്കും തിയേറ്റർ ജീവനക്കാർക്കുമെല്ലാം ഒരു പോലെ ആശ്വാസമാണ് തീരുമാനം. ജീവനക്കാർക്കും പ്രേക്ഷകർക്കും 2 ഡോസ് വാക്സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. പകുതിപ്പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്നാണ് പ്രധാന നിബന്ധന.

You might also like

-