ബാബരി മസ്ജിദ് : ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്

0

ലക്നൌ:ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്.

പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളി പൊളിച്ചത് മുന്‍ കൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രി എൽ. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രധാന കവാടത്തിന് പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു.എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി ഉള്‍പ്പടെ ആറ് പ്രതികള്‍ വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരായത്. സി.ആര്‍.പി.സി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പ്രഖ്യാപിച്ചത്.

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട് നീണ്ട 28 വര്‍ഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിക്കുന്നത്. 2017ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയായിരുന്നു.ഈ വര്‍ഷം ഏപ്രിലോടെ നടപടികൾ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി.1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

You might also like

-