കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാർ, വിധി പിന്നീട്

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.കൊലപാതകം,ബലാത്സം​ഗം,സംഘം ചേ‍‍ർന്നുള്ള ​ഗൂഢാലോചന,തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി

0

തിരുവനന്തപുരം | കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവല്ലം സ്വദേശികളായ ഉമേഷ്,ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.കൊലപാതകം,ബലാത്സം​ഗം,സംഘം ചേ‍‍ർന്നുള്ള ​ഗൂഢാലോചന,തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി

ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിത കോവളത്തെത്തിയപ്പോള്‍ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ആയുർവേദ ചികിൽസക്കായി സഹോദരിക്കും സുഹൃത്തിനും ഒപ്പം 2018 ഫെബ്രുവരി 21 ന് പോത്തൻകോട്ടെത്തിയ യുവതി മാർച്ച് പതിനാലിന് കോവളത്തേക്ക് പോയി.ഇതിനുശേഷം ഇവരെ കാണാതായന്നായിരുന്നു പരാതി.36 ദിവസങ്ങൾക്ക് ശേഷമാണ് അഴുകി തല വേർപ്പെട്ട നിലയിൽ പൊന്തക്കാട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഡിഎൻഎ പരിശോധനയിലാണ് മരിച്ചത് കാണാതായ ലാത്വിയൻ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് മനസിലായത്.

കോവളത്തെത്തിയ 40കാരിയായ ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന് തെറ്റിദ്ധരിപ്പിച്ച് പനത്തുറയുള്ള ഒരു പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയ പ്രതികൾ ഇവർക്ക് ലഹരി നൽകി. ബോധ രഹതിയായ യുവതിയെ പ്രതികൾ ബലാത്സംഗം ചെയ്തു. ബോധം വന്നശേഷം ഇവർ പ്രതികളുമായി തർക്കത്തിലായി. ഇതേത്തുടർന്ന് പ്രതികളായ ഉമേഷും ഉദയകുമാറും ചേർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ഇവരുടെ കഴുത്തിൽ വള്ളിപ്പടർപ്പ് കെട്ടുകയും ചെയ്തു.

കുറ്റപത്രം നൽകി മൂന്നു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. മൃതദേഹത്തിൽ നിന്ന് ലഭിച്ച ജാക്കറ്റ് പ്രതികളിലൊരാൾക്ക് വിറ്റതാണെന്ന് മൊഴി നൽകിയ കോവളത്തെ ഒരു കട ഉടമയായ ഉമറാണ് വിചാരണ വേളയിൽ കൂറുമാറിയ ഒരാൾ. മറ്റൊരാൾ മുൻ കെമിക്കൽ എക്സാമിനർ അശോക് കുമാറാണ്. മരിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ വെള്ളം ഉണ്ടായിരുന്നു. ഇതിലെ ബാക്ടീരിയയുടെ അംശവും തൊട്ടടുത്ത ജലാശയത്തിലെ ബാക്ടീരയുടെ സാന്നിധ്യവും സാമ്യം ഉള്ളതായിരുന്നു. അതിനാൽ തന്നെ വെള്ളത്തിൽ വീണാകാം മരണമെന്ന സംശയമാണ് അശോക് കുമാർ ഉന്നയിച്ചത്. എന്നാൽ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മുൻ എച്ച് ഓ ഡി ഡോ.ശശികലയുടെ റിപ്പോർട്ടാണ് കേസിൽ ശാസ്ത്രീയ തെളിവായി മാറിയത്.

പ്രതികൾക്കെതിരെ നേരത്തേയും നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട് .ഉമേഷ് 13 കേസുകളിലും ഉദയൻ ആറ് കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളേയും ആൺകുട്ടികളേയും ഉൾപ്പെടെ പീഡനത്തിന് ഇരയാക്കിയതായി പരാതികൾ ഉണ്ട്. ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ അതേ പൊന്തക്കാട്ടിൽ പ്രതികൾ സ്ഥിരമായി ഒത്തുചേരാറുണ്ടായിരുന്നുവെന്നും പലരേയും ഇവിടെ എത്തിച്ച് ഉപദ്രവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. കേസ് നടക്കുന്ന കാലയളവിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഇവിടെ എത്തിച്ച് പീഡിപ്പിച്ചതിനും പ്രതികൾക്ക് എതിരെ കേസുണ്ട്

യുവതിയെ കാണാതായതിനെ തുടർന്ന് അന്നു തന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും പോത്തൻകോട് , കോവളം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. എന്നാൽ ആ സമയം കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓട്ടോയിൽ കോവളം ബീച്ചിലെത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരന് നഷകിയെന്നും തുടർന്ന് നടന്ന് പോയെന്നും വിവരം ലഭിച്ചിരുന്നു. വിഷാദരോഗം ഉണ്ടായിരുന്ന യുവതി കടലിൽ പെട്ടിരിക്കാമെന്ന തരത്തിലായിരുന്നു ആദ്യ അന്വേഷണം. പിന്നീട് ചൂണ്ട ഇടാൻ പൊന്തക്കാട്ടിലെത്തിയ യുവാക്കളാണ് മൃതദേഹം കാണുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതും. ഈ പൊന്തക്കാട്ടിൽ തന്നെ ചീട്ടുകളിക്കാനെത്തിയിരുന്നവരാണ് പ്രതികളെ കുറിച്ചുള്ള വിവരം നൽകുന്നതും

ആദ്യം ഇഴഞ്ഞുനീങ്ങിയ കേസ് അന്വേഷണം കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയുടേയും സുഹൃത്തിന്‍റേയും നിരന്തര ഇടപെടലിനൊടുവിലാണ് വേഗം വച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ഒടുവിലെ അന്വേഷണവും വിചാരണയും എല്ലാം അസിസ്റ്റന്‍റ് കമ്മീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ.മോഹൻരാജായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.കോടതി നടപടികള്‍ ലാത്വിനിലുള്ള സഹോദരിക്ക് ഓണ്‍ ലൈൻ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

You might also like

-