ബോംബെ – പ്രവാസത്തിന്റെ നാൾവഴികൾ’ ആസ്വാദനസദസ്സ്

മൂന്നരപ്പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന്റെ നാൾവഴികളിൽ നിന്നും അനുഭവിച്ചറിഞ്ഞ , ജീവിതപശ്ചാത്തലങ്ങളിലൂടെയാണ് രവി തൊടുപുഴ നോവലിന്റെ ഉള്ളടക്കം

0

തൊടുപുഴ | മുംബൈയിലെ നാടക പ്രവർത്തകനും എഴുത്തുകാരനുമായ രവി തൊടുപുഴ രചന നിർവ്വഹിച്ച ‘ബോംബെ – പ്രവാസത്തിന്റെ നാൾവഴികൾ’ എന്ന നോവലിന്റെ തൊടുപുഴ പ്രസ്സ് ക്ലബ്ബിൽ വെച്ചു നടന്നു. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എം.എം. മഞ്ജുഹാസൻ അധ്യക്ഷനായിരുന്നു. സാഹിത്യകാരനും പ്രഭാഷകനുമായ കെ.ആർ സോമരാജൻ പുസ്തകത്തെ പരിചയപ്പെടുത്തി.

മൂന്നരപ്പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന്റെ നാൾവഴികളിൽ നിന്നും അനുഭവിച്ചറിഞ്ഞ , ജീവിതപശ്ചാത്തലങ്ങളിലൂടെയാണ് രവി തൊടുപുഴ നോവലിന്റെ ഉള്ളടക്കം . തൊഴിലന്വേഷകരെ ഇരുകൈയും നീട്ടി സ്വീകരിച്ച ബോംബെ മഹാനഗരത്തിലേക്ക് പ്രവാസികളായി ചേക്കേറിയ മലയാളികൾ ഇരുപത്തിയഞ്ചു ലക്ഷത്തോളം വരും.
പ്രവാസി മലയാളിയുടെയും ജീവിതാനുഭവങ്ങളെ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് അനുവാചകനിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. 35 വർഷം കൊണ്ട് ബോംബേ നഗരത്തിലുണ്ടായ മാറ്റങ്ങൾ, നവിമുംബൈ ഉൾപ്പെടെയുള്ള നഗര വികാസം, പ്രളയങ്ങൾ, കലാപങ്ങൾ, ധാരാവിയിലെ ചേരിജീവിതം, പ്രണയവും വിരഹവും ദാമ്പത്യവുമുൾപ്പെടെ ജീവിതാവസ്ഥകളിലൂടെ നോവൽ സഞ്ചരിക്കുന്നുവെന്ന് ആസ്വാദനസദസ്സ് വിലയിരുത്തി.അധോലോകവും ബോളിവുഡും ഫാഷനും വ്യവസായങ്ങൾക്കുമപ്പുറമുള്ള ബോംബെയെ വിശിഷ്യാ പ്രവാസിയുടെ ബോംബെയെ രവി തൊടുപുഴ നോവലിലൂടെ വരച്ചിടുന്നു.

സംസ്ഥാന ബാലസാഹിത്യ അക്കാദമി പുരസ്കാരം തൊടുപുഴക്കാരനായ രഞ്ജിത് എം. ജോർജിന് സമ്മാനിച്ചു. രഞ്ജിത് എം. ജോർജ്, നീതു പോൾസൺ, അജയ് വേണു പെരിങ്ങാശ്ശേരി , ഭരതൻ പുത്തൻ തുടങ്ങി ചെറുപ്പക്കാരുടെതുൾപ്പെടെ കഥാ സമാഹാരങ്ങൾ, ബാലസാഹിത്യം, കവിതകൾ, പഠനങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങി വ്യത്യസ്ത ശാഖകളിൽ നിരന്തരമായ എഴുത്തും വായനയും ആസ്വാദനവും ചർച്ചയും നടക്കുന്നുവെന്നത് സാഹിത്യ സാംസ്കാരികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രചോദനമേകുന്നു.

You might also like

-