ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25-ലേക്ക് മാറ്റി

കേസില്‍ തന്നെ അനാവശ്യമായി കുടുക്കിയതാണെന്നാണ് ബിഷപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അധികാരത്തര്‍ക്കമാണ് കേസിന് ആധാരമെന്നും മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ഹര്‍ജിയില്‍ പറയുന്നു

0

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ല. ഇന്ന് ഹൈക്കോടതിയില്‍ ഒരു മിനിറ്റ് മാത്രം നീണ്ട നടപടിക്രമമാണ് ഉണ്ടായത്.

കേസില്‍ തന്നെ അനാവശ്യമായി കുടുക്കിയതാണെന്നാണ് ബിഷപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അധികാരത്തര്‍ക്കമാണ് കേസിന് ആധാരമെന്നും മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിയില്‍ പറയുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം. ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 11-ാം ദിവസത്തിലേക്കു കടക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ കൊച്ചിയിലെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹോദരിയും സാമൂഹ്യപ്രവര്‍ത്തക ഗീതയും നിരാഹാര സമരം തുടരുകയാണ്

You might also like

-