ആഫ്രിക്കന്‍ പന്നിപ്പനി കര്‍ഷകര്‍ ആശങ്കയില്‍, ഇന്നുമുതൽ പന്നികളെ കൊന്നൊടുക്കും . മതിയായ നഷ്ടപരിഹാരം വേണമെന്ന് കർഷകർ

രോഗം സ്ഥിരീകരിച്ച ഫാമിന് അടുത്ത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്ന വിദഗ്ധ സംഘം ഇന്നുമുതല്‍ നടപടികള്‍ ആരംഭിക്കും. മുന്‍കരുതല്‍ ഏകോപന ചുമതല സബ് കളക്ടര്‍ക്കാണ്

0

കൽപ്പറ്റ | വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെ പന്നി കര്‍ഷകര്‍ ആശങ്കയില്‍. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അപ്രായോഗികമാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നുമാണ് ഫാം ഉടമകളുടെ പരാതി. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രോഗം സ്ഥിരീകരിച്ച ഫാമിന് അടുത്ത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്ന വിദഗ്ധ സംഘം ഇന്നുമുതല്‍ നടപടികള്‍ ആരംഭിക്കും. മുന്‍കരുതല്‍ ഏകോപന ചുമതല സബ് കളക്ടര്‍ക്കാണ്. അതേസമയം സാമ്പിള്‍ ശേഖരിച്ചതിലും രോഗനിര്‍ണ്ണയത്തിലും അപാകത ഉണ്ടെന്നാരോപിച്ച് ഫാം ഉടമകള്‍ രംഗത്തെത്തി. നഷ്ടപരിഹാരം കൂട്ടി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സാഹചര്യം വിലയിരുത്താൻ തവിഞ്ഞാൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്നിരുന്നു. സംസ്ഥാനത്തേക്ക് പന്നികളെ കടത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.
അതേസമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി.

You might also like

-