തീവ്രവാദ സംഘടനങ്ങള്‍ക്ക് അനുകൂല നിലപാട് പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍

.

 

പാരീസ്: ഭീകരവാദ സംഘടനകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെതിരെ ആഗോള തലത്തില്‍ പാകിസ്താനെതിരെ നീക്കം. ഇതിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പാരീസില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിലാണ് ഭീകരരെ സഹായിക്കുന്ന പാകിസ്താനെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് യുഎസിന്റെ ഈ നിലപാട് .
പാകിസ്താനെതിരെയുള്ള യുഎസിന്റെ നീക്കങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഭീകരവാദത്തിനെതിരെ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് കാണിച്ച് അമേരിക്ക നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം ജനുവരിയില്‍ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്താന് യുഎസ് 33 ബില്യണ്‍ ഡോളറാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ പാകിസ്താന്‍ ഒന്നും തിരിച്ചുതന്നില്ലെന്നായിരുന്നു അമേരിക്ക ഉന്നയിച്ച ആരോപണം.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തില്‍ വോട്ടിനിട്ടാണ് പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനം പാസായത്. ഒന്നിനെതിരെ 36 വോട്ടുകള്‍ക്ക് പ്രമേയം പാസായി. തുര്‍ക്കി മാത്രമാണ് പാകിസ്താനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബാക്കി 36 രാജ്യങ്ങളും പാകിസ്താനെ തള്ളിപ്പറഞ്ഞു.
പാകിസ്താനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് പാകിസ്താന്റെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. ഇതോടെ ബാങ്കുകള്‍ക്കോ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കോ പാകിസ്താനില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. ബാങ്കുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ളും സാമ്പത്തിക വിലക്കും നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്താന് വിദേശരാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാവും.

You might also like

-