എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലേത്തിയത് തനിച്ചെന്ന പോലീസ്

കേരളത്തിന് പുറമെ ഡൽഹിയിലും കേരള പൊലീസ് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്. ആറ് കേരളാ പൊലീസ് ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ഷാറൂഖ് സെയ്ഫിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്

0

കോഴിക്കോട്| എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റക്കെന്ന് പോലീസ് . ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന് സ്വന്തമായുള്ളത് ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ ഡൽഹിയിലും കേരള പൊലീസ് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്. ആറ് കേരളാ പൊലീസ് ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ഷാറൂഖ് സെയ്ഫിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടാതെ ഷാറൂഖ് കേരള പൊലീസിന് നൽകിയ മൊഴിയിൽ ദില്ലിയിലെ പ്രതിയുടെ നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ശരിയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്റെ ഷഹീൻ ബാഗിലെ വീട്ടിൽ കേരള പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. രാവിലെ ദില്ലിയിൽ എത്തിയ ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജൻ ഷാറൂഖിന്റെ വീട്ടുകാരുടെ മൊഴി എടുത്തു. പിതാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അയൽക്കാരുടെയും സുഹൃത്തുക്കുകളുടെയും മൊഴി എടുത്തു. മൂന്നര മണിക്കൂറോളം ഷഹീൻ ബാഗിൽ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

ഷാറൂഖിന് നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടി. കൂടാതെ ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോൾ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ സംഘാംഗങ്ങൾ ദില്ലിയിൽ യോഗം ചേർന്നിരുന്നു. ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാറൂഖ് ട്രെയിൻ കയറി പോകുന്ന സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് വിവരം.സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പോലീസ്റി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട് . മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷാറൂഖെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും.

You might also like

-