കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: അന്വേഷിക്കാനാവില്ലന്ന് സിബിഐ

കൊച്ചി: ജോയ്സ് ജോര്‍ജ്ജ് എംപിക്കെതിരായ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേരളപൊലീസ് അന്വേഷണം പുര്‍ത്തിയാക്കി അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കിയത്.
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജ്ജ് എംപിക്ക് അനുകൂലമായ പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും സിബിഐയെ അന്വേഷണം ഏല്പ്പിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മുകേഷ് മോഹന്‍, ബിജു എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
നേരത്തെ ജോയ്സ് ജോര്‍ജിന് അനുകൂലമായി മൂന്നാര്‍ ഡിവൈഎസ്പി ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
അന്വേഷണ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തല്ക്കാലം അംഗീകരിച്ചില്ല. അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടു പോയത് എന്നും അതുകൊണ്ട് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.