എ രാജ എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുളള ഹൈക്കോടതി വിധി, പട്ടികജാതി വിഭാ​ഗങ്ങളോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കളള സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ ക്രിമിനൽ നടപടിക്രമം അനുസരിച്ചുളള നടപടികളും എടുക്കണം. ദേവികുളത്ത് റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുളളവർ ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നും സതീശൻ ആരോപിച്ചു.

0

തിരുവനന്തപുരം| കേരളത്തിലെ പട്ടികജാതി വിഭാ​ഗങ്ങളോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കളള സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ചത് പട്ടികജാതി വിഭാ​ഗത്തോടുളള വഞ്ചനയാണ്. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ യുഡിഎഫ് ദേവികുളത്ത് വൻ വിജയം നേടും. അതിന് വേണ്ടിയുളള തയ്യാറെടുപ്പ് ഉടൻ ആരംഭിക്കുമെന്നും സതീശൻ വ്യക്തമാക്കി. ദേവികുളം മണ്ഡലത്തിലെ എ രാജ എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുളള ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്തുകൊണ്ടായിരുന്നു വി ഡി സതീശന്റെ പ്രതികരണം

കളള സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ ക്രിമിനൽ നടപടിക്രമം അനുസരിച്ചുളള നടപടികളും എടുക്കണം. ദേവികുളത്ത് റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുളളവർ ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നും സതീശൻ ആരോപിച്ചു. വിഷയത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ സുധാകരൻ പറഞ്ഞു. എ രാജയ്ക്ക് മത്സരിക്കാനും രേഖകളിൽ കൃത്രിമം കാണിക്കാനും എല്ലാ സഹായവും അനുവാ​ദവും നൽകിയ സിപിഐഎം പരസ്യമായി മാപ്പ് പറയണം. ജനാധിപത്യത്തെ സിപിഐഎം എങ്ങനെയെല്ലാം അട്ടിമറിക്കുന്നുവെന്നതിന് തെളിവാണ് ദേവിക്കുളത്തേത്. നീതിക്കായി നിയമപോരാട്ടം നടത്തി വിജയിച്ച യു‍ഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിനെ കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോ​ഗ്യതയിലേക്ക് നയിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറിനെ രാജ തോല്‍പ്പിച്ചത്.

രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ദേവികുളത്ത് ഇതോടെ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്

You might also like