എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി

0

ഡൽഹി : കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി,എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കും. രാജ്യത്തെ ഓരോ പൗരനും കൊവിഡ‍് വാക്സിൻ എത്തിക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 110 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പിലാക്കും. ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. ദേശീയ സൈബർ സുരക്ഷാ നയം ഉടനുണ്ടാകും. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ രാജ്യം എല്ലാ റെക്കോർഡുകളും മറികടന്നെന്നും മോദി വ്യക്തമാക്കി.

“സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനുമാണ് ഊന്നൽ നൽകുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും അതിൽ നിര്‍ണായക സ്ഥാനമുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എല്ലാ റെക്കോർഡുകളും ഇന്ത്യ മറികടന്നു. പ്രകൃതി ദുരന്തങ്ങൾക്കിടയിലും രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കും.രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കും. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. സൈബര്‍ സുരക്ഷാ നയം നടപ്പാക്കും. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും.

ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ വഴി എല്ലാവർക്കും ആരോഗ്യ ഐഡി കാർഡ് നല്കും. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കാൻ നടപടികൾ ആരംഭിച്ചു. മരുന്നുകളുടെ പരീക്ഷണം തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാണ്. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും. മണ്ഡലപുനർനിർണ്ണയത്തിനു ശേഷമാകും തെരഞ്ഞെടുപ്പ് നടത്തുക. പ്രകൃതി സംരക്ഷണത്തിന് പദ്ധതി നടപ്പിലാക്കും. പ്രോജക്ട് ടൈഗർ പോലെ പ്രോജക്ട് ലയൺ എന്ന പേരിൽ സിംഹ സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം ഡോൾഫിൻ സംരക്ഷണ പദ്ധതിയും നടപ്പാക്കും.

വീരമൃത്യു വരിച്ച ജവാൻമാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഭീകരവാദവും വെട്ടിപ്പിടിക്കൽ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നൽകി. ലഡാക്കിൽ അത് ലോകം കണ്ടതാണ്. ഒരു ലക്ഷം എൻസിസി കേഡറ്റുകളെ കൂടി അതിർത്തി ജില്ലകളിൽ തയ്യാറാക്കും
ശാന്തിയും സാഹോദര്യവും മുന്നോട്ടു പോകാൻ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു